വിശുദ്ധവാരത്തിന് തുടക്കമിട്ട് ഓശാന ആചരിച്ചു.

Monday 11 April 2022 12:00 AM IST

കോട്ടയം. വിശുദ്ധവാരത്തിന് തുടക്കമിട്ട് ക്രൈസ്തവർ ഇന്നലെ കുരുത്തോല പെരുന്നാളായ ഓശാന ഞായർ ആചരിച്ചു. കഴുതപ്പുറത്തേറിയുളള യേശുവിന്റെ രാജകീയ പ്രവേശനത്തിന്റെയും സൈത്തീൻ കൊമ്പുകളും ഒലിവിലകളും വീശി നഗരവാസികൾ സ്വീകരിച്ചതിന്റെയും അനുസ്മരണമാണ് ഓശാന ഞായർ. ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, കുർബാന, വചനസന്ദേശം, വായനകൾ, പ്രത്യേക പ്രാർത്ഥനകൾ എന്നിവ നടന്നു. വാഴ്ത്തിയ കുരുത്തോലകൾ വിശ്വാസികൾക്ക് വിതരണം ചെയ്തു. അവർ ഇതുമായാണ് വീടുകളിലേക്ക് മടങ്ങിയത്.

കൊവിഡ് നിയന്ത്രണങ്ങൾ മാറിയതിനുശേഷം വിശുദ്ധവാരം സജീവമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. ഒരാഴ്ച പ്രാർത്ഥനാ ദിനങ്ങളാണ്. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന വ്യാഴാഴ്ച പെസഹ ആചരിക്കും. പള്ളികളിൽ കാൽകഴുകൽ ശുശ്രൂഷയും പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശുമരണ ദിനവുമായ ദുഃഖവെള്ളിയാഴ്ച പകൽ മുഴുവൻ നീളുന്ന തിരുകർമ്മവും പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. ദുഃഖശനിക്കുശേഷം പിറ്റേന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കുന്ന ഈസ്റ്ററോടെ അമ്പത് ദിനം നീണ്ട നോമ്പ് കാലത്തിന് പരിസമാപ്തിയാകും.

Advertisement
Advertisement