എന്റെ പ്ളസ് ഈ രൂപമെന്ന് സുദേവ് നായ‌‌ർ

Monday 11 April 2022 6:36 AM IST

മുംബെയ് യിൽ ജനിച്ചു വളർന്ന മലയാളി എന്ന വിലാസത്തിൽനിന്ന് മൈ ലൈഫ് പാർട്ടണർ എന്ന ആദ്യ സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സുദേവ് നായർ ഭീഷ്മപർവ്വം സിനിമയിൽ മമ്മൂട്ടിയോട് ഏറ്റുമുട്ടാൻ വരുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഇതേവരെ ലഭിക്കാത്ത പ്രേക്ഷക അംഗീകാരത്തിൽ എത്തി.റിലീസിന് ഒരുങ്ങുന്ന പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം, കൊത്ത്, മോൺസ്റ്റ‌ർ തുടങ്ങിയ സിനിമകൾ വലിയ പ്രതീക്ഷ നൽകുമ്പോൾ തന്റെ പ്ളസ് ഈ രൂപമെന്ന് സുദേവ് നായ‌ർ. ''രൂപത്തിലെയും ഭാവത്തിലെയും ശബ്ദത്തിലെയും വ്യത്യസ്തത നടൻ എന്ന നിലയിൽ എന്റെ പ്ളസ് ആണ് . കാഴ്ചയിൽ മലയാളിയെ പോലെയല്ലെന്ന് തുടക്കത്തിൽ കുറെ കേട്ടു. സിനിമയിൽ നിലനിൽക്കാൻ കഴിയില്ല. എന്റെ ശരീരഘടനയും രൂപവും ഒട്ടും ശരിയല്ല. മീശയില്ല. എന്ത് വേഷം കിട്ടും? ഇതിലും ഭേദം ബോളിവുഡിൽ ശ്രമിക്കുക എന്നൊക്കെ കേട്ടപ്പോഴാണ് അവിടേക്ക് പോവുന്നത്. മലയാള സിനിമയിൽ അഭിനയിച്ചു തുടക്കം കുറിക്കാൻ ആഗ്രഹിക്കുകയും ഇവിടെത്തന്നെ സജീവമാകണമെന്ന് വിചാരിച്ച് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ച് ഏറെ പ്രതീക്ഷയോടെ വന്നപ്പോഴാണ് ഇങ്ങനെ കേട്ടത്.മാധുരി ദീക്ഷിതും ജൂഹി ചൗളയും പ്രധാന വേഷത്തിൽ അഭിനയിച്ച ഗുലാബ് ഗ്യാങ് എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചശേഷം വന്നപ്പോൾ മലയാള സിനിമ വിളിക്കാൻ തുടങ്ങി. മൈ ലൈഫ് പാർട്ണർ ആദ്യ മലയാള സിനിമയാകുകയും ചെയ്തു. ഇവിടെ സിനിമ ചെയ്യാൻ കുറെ പരിശ്രമം നടത്തി.മൂന്നുവർഷം നന്നായി കഷ്ടപ്പെട്ടു. അതിനുശേഷമാണ് മൈ ലൈഫ് പാർട് ണർ ലഭിക്കുന്നത്.മൈ ലൈഫ് പാർട്ണർ കഴിഞ്ഞും കേട്ടു മലയാളി ഛായയില്ലെന്ന്. എന്നാൽ ഈ രൂപവും ഭാവവും ശബ്ദത്തിലെ വ്യത്യസ്തതയുമാണ് അന്നും ഇന്നും അവസരം തരുന്നത്.'' സുദേവ് നായർ പറഞ്ഞു.

Advertisement
Advertisement