ഹിന്ദി ഭാഷാ വിവാദം: അമിത്ഷായ്ക്കെതിരെ സ്റ്റാലിൻ, റഹ്മാൻ, പ്രകാശ്‌രാജ്

Monday 11 April 2022 12:31 AM IST

ബംഗളൂരു: ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, നടൻ പ്രകാശ്രാജ് തുടങ്ങി നിരവധി പ്രമുഖർ രംഗത്തെത്തി.

കോൺഗ്രസ് പാർട്ടിയും ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. അമിത് ഷാ സാംസ്‌കാരിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു കോൺഗ്രസിന്റെ പ്രസ്താവന.

ഷായുടെ ആഹ്വാനം രാജ്യത്തിന്റെ ഐക്യത്തിനെതിരായ കടന്നാക്രമണമാണെന്ന് ഡി.എം.കെ അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. എല്ലാവർക്കും ഒരേ ഭാഷ രാജ്യത്തിന്റെ ഐക്യത്തിന് വിഘാതമാവും. നിങ്ങൾ തെറ്റുകൾ ആവർത്തിക്കുകയാണ്. എന്നാൽ അതിൽ വിജയിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രകാശ് രാജ്, ഷാക്കെതിരെ ട്വിറ്ററിൽ പ്രതികരിച്ചു. ''മിസ്റ്റർ ആഭ്യന്തര മന്ത്രീ, വീടുകൾ തകർക്കാൻ ശ്രമിക്കരുത്. ഹിന്ദി ഇംപോസിഷൻ നിറുത്തുന്നതാണ് നല്ലത്. ഞങ്ങൾ നമ്മുടെ വൈവിധ്യത്തെ ഇഷ്ടപ്പെടുന്നു. ഞങ്ങൾ മാതൃഭാഷയെ സ്‌നേഹിക്കുന്നു. ഞങ്ങളുടെ വ്യക്തിത്വത്തെയും സ്‌നേഹിക്കുന്നു.'' നടൻ കുറിച്ചു.

എ.ആർ.റഹ്മാൻ അടക്കം ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്നുള്ള മറ്റ് നിരവധി അഭിനേതാക്കളും സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.

Advertisement
Advertisement