പ്രധാനമന്ത്രിയായി നാമനിർദ്ദേശം,​ പാകിസ്ഥാനിൽ ഷെഹബാസ്

Sunday 10 April 2022 11:33 PM IST

ഭൂരിപക്ഷത്തിന് ഇന്ന് വോട്ടെടുപ്പ്

ഒന്നടങ്കം രാജിവയ്ക്കുമെന്ന് ഇമ്രാന്റെ പാർട്ടി

ഇസ്ളാമാബാദ്: പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി പാകിസ്ഥാൻ മുസ്ലീം ലീഗ് നവാസ് വിഭാഗത്തിന്റെ അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷെഹബാസ് ഷരീഫിനെ ഇന്ന് ചേരുന്ന ദേശീയ അസംബ്ളി തിരഞ്ഞെടുക്കും.

ദേശീയ അസംബ്ളിയിൽ ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ ഷെഹബാസ് കേവല ഭൂരിപക്ഷം നേടും. ഇന്നലെ പ്രതിപക്ഷപാർട്ടികൾ ഒന്നടങ്കം അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ഇമ്രാൻഖാന്റെ പാർട്ടിയായ പി.ടി.ഐയുടെ 65കാരനായ മുൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയാണ് എതിരാളി. അതേസമയം, ഷെഹബാസിന്റെ നാമനിർദ്ദേശം ദേശീയ അസംബ്ളിയുടെ സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചാൽ, ഇമ്രാന്റെ പാർട്ടിയിൽപ്പെട്ട മുഴുവൻ അംഗങ്ങളും പാർലമെന്റ് അംഗത്വം രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. 1400 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഷെഹബാസ് വിചാരണ നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് അയോഗ്യനെന്ന് ഇമ്രാന്റെ പാർട്ടി വാദിക്കുന്നത്. ഇമ്രാന് തുണയായി നിന്ന ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയാണ് ഇന്ന് സഭ നിയന്ത്രിക്കുന്നത്.

പുതിയ സർക്കാരിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ വിദേശകാര്യ മന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച രാത്രി വൈകിയാണ് പ്രധാനമന്ത്രി ഇമ്രാൻഖാനെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്താക്കിയത്. അവിശ്വാസപ്രമേയം അവതരിപ്പിച്ചതും ഇമ്രാനെ പുറത്താക്കിയ നടപടികൾക്ക് നേതൃത്വം നൽകിയതും 70കാരനായ ഷെഹബാസായിരുന്നു. സംയുക്ത പ്രതിപക്ഷത്തിന് സഭയിൽ 199 പേരുടെ പിന്തുണയുണ്ടെങ്കിലും ഇന്നലെ 174 വോട്ടിനാണ് ഇമ്രാനെ പുറത്താക്കിയത്. 342 അംഗ സഭയിൽ 172 വോട്ടാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

Advertisement
Advertisement