സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ

Monday 11 April 2022 12:55 AM IST

 പി .സതീദേവി
66 വയസ്. സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി. രണ്ടു പതിറ്റാണ്ടോളം കോഴിക്കോട്ട്‌ അഭിഭാഷകയായി പ്രവർത്തിച്ചു. സ്ത്രീകൾക്കായുള്ള പോരാട്ടങ്ങളിൽ എന്നും മുൻപന്തിയിൽ. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്‌, എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2004ൽ വടകരയിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ പാട്യം കിഴക്കേ കതിരൂർ കാരായി കുഞ്ഞിരാമന്റെയും പാറായി ദേവിയുടെയും മകളാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ സഹോദരനാണ്. ഭർത്താവ്: സി.പി.എം കോഴിക്കോട്‌ മുൻ ജില്ലാ സെക്രട്ടറി പരേതനായ എം.ദാസൻ. നിയമ വിദ്യാർത്ഥിനിയായ അഞ്ജലി ദാസ് മകൾ.


 സി. എസ് സുജാത
57 വയസ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി. 2004ൽ മാവേലിക്കരയിൽനിന്ന്‌ ലോക്‌സഭാംഗമായിരുന്നു. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, മിനിമം വേജസ് ബോർഡ് ഉപദേശക സമിതി അംഗം, അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 1990ൽ പ്രഥമ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ആലപ്പുഴ വള്ളിക്കുന്നത്ത് രാമചന്ദ്രൻ നായരുടേയും സുമതി പിള്ളയുടേയും മകൾ. മാവേലിക്കര കോടതിയിൽ അഭിഭാഷക. ഭർത്താവ്: ജി.ബേബി (റിട്ട.റെയിൽവേ മജിസ്ട്രേട്ട്). മകൾ: കാർത്തിക (യു.എൻ യൂണിവേഴ്സിറ്റിയിൽ ഗവേഷക). മരുമകൻ: ആർ. ശ്രീരാജ് (ലിവർപൂൾ യൂണിവേഴ്‌സിറ്റിയിൽ ഫുട്‌ബോൾ ഇൻഡസ്ട്രീസിൽ എം.ബി.എ ചെയ്യുന്നു).




Advertisement
Advertisement