ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

Monday 11 April 2022 12:56 AM IST

 പ്രതിയെ പിടികൂടിയത് മുംബയിൽ നിന്ന്

പാലോട്: വിദേശത്തും കപ്പലുകളിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ കായകുളം കീരിക്കാട് ഐക്കണ മുറിയിൽ ജെയിൻ വിശ്വംഭരനെയാണ് (28)​ മുംബയിൽ നിന്ന് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തെ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് പാലോട് സ്വദേശിയായ യുവാവിന്റെ കൈയിൽ നിന്ന് പലതവണയായി മൂന്നുലക്ഷത്തോളം രൂപയും പാസ്പോർട്ടും സി.ഡി.സി സർട്ടിഫിക്കറ്റുകളും വാങ്ങിയശേഷം ട്രെയിനിംഗ് എന്ന വ്യാജേന മുംബയിലെത്തിച്ച് ഒരുവർഷത്തോളം താമസിപ്പിച്ച ശേഷം തിരികെ നാട്ടിലേക്ക് മടക്കിവിടുകയായിരുന്നു. ഇതോടെയാണ് യുവാവ് പാലോട് പൊലീസിൽ പരാതി നൽകിയത്.

അന്വേഷണത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പിനിരയായതായി വിവരം ലഭിച്ചു. തുടർന്നാണ് തട്ടിപ്പ് സംഘത്തിലെ ഒരാളെ പാലോട് പൊലീസ് മുംബയിലെത്തി അറസ്റ്റ് ചെയ്തത്. നവി മുംബയ്, ബേലാപ്പൂർ, പനവേൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മലയാളികൾ ഉൾപ്പെട്ട ഒരു സംഘം ഈ റാക്കറ്റിന്റെ പിന്നിൽ പ്രവർത്തിക്കുന്നതായി സംശയമുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മുംബയ് കേന്ദ്രീകരിച്ച് ആങ്കർ മറൈൻ ബയോടെക്,​ ആങ്കർ മറൈൻ എന്നീ പേരുകളിലുള്ള വ്യാജ സ്ഥാപനങ്ങളിൽ നിന്നാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ ഓൺലൈൻ വഴി സംഘം പണം സ്വീകരിക്കുന്ന ഇവർ സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തുന്നത്.

തട്ടിപ്പിൽ പെട്ടെന്ന് മനസിലാക്കി പണവും പാസ്പോർട്ടും തിരികെ ചോദിക്കുന്നവരെ ഇവർ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും. തട്ടപ്പിൽ ഇയാളുടെ കൂട്ടാളികളായ മറ്റുമലയാളികളുടെ പങ്കിനെപ്പറ്റി വിശദമായ അന്വേഷണമുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ മുംബയ് കോടതിയിൽ ഹാജരാക്കിയ ശേഷം നാട്ടിലെത്തിച്ച് വിശദമായ അന്വേഷണം നടത്തും.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യാ ഗോപിനാഥിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈ.എസ്.പി സുൾഫിക്കറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐ നിസാറുദീൻ, ഗ്രേഡ് എസ്.ഐ റഹിം, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ വിനീത്, അരുൺ, ഷൈലാ ബീവി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Advertisement
Advertisement