പാർട്ടി കോൺഗ്രസും കടന്നു: മുന്നിൽ കടമ്പകളേറെ

Monday 11 April 2022 1:30 AM IST

കണ്ണൂർ: കോൺഗ്രസുമായി ദേശീയതലത്തിൽ രാഷ്ട്രീയ സഖ്യമില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് മറ്റൊരു പാർട്ടി കോൺഗ്രസിന് കൂടി കൊടിയിറങ്ങുമ്പോൾ, സി.പി.എമ്മിന് മുന്നിൽ വെല്ലുവിളികളേറെയാണ്. കർഷക, തൊഴിലാളി പ്രക്ഷോഭങ്ങളും മറ്റും സൃഷ്ടിച്ച സമരാന്തരീക്ഷം പുതിയ രാഷ്ട്രീയാനുകൂല കാലാവസ്ഥ ഒരുക്കുന്നുവെന്ന് സി.പി.എം കരുതുന്നുണ്ടെങ്കിലും, നിലവിലെ സംഘടനാശേഷിയിൽ പാർട്ടി മുന്നേറ്റത്തെ അതെത്രത്തോളം ഫലപ്രാപ്തിയിലെത്തിക്കുമെന്നത് ചോദ്യമായി തുടരുന്നു.

ബംഗാൾ, കേരളം, ത്രിപുര എന്നിങ്ങനെ പാർട്ടിയുടെ മൂന്ന് ശക്തികേന്ദ്രങ്ങളിൽ ഇന്നിപ്പോൾ കേരളം മാത്രമാണ് സംഘടനാമികവോടെ നിലകൊള്ളുന്നത്. ബംഗാളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ നിലംപരിശായ സ്ഥിതിയാണ്. താഴെത്തട്ടിൽ പ്രക്ഷോഭ പരിപാടികളിലും റാലികളിലും പ്രവർത്തകരെ അണിനിരത്താനാകുന്നുണ്ടെങ്കിലും ,വോട്ടെടുപ്പിൽ അത് പ്രതിഫലിക്കാത്ത സ്ഥിതി. ത്രിപുരയിലും സമാനമാണ് സാഹചര്യം. 2004ൽ 43 അംഗങ്ങൾ വരെ ലോക്‌സഭയിലുണ്ടായിരുന്ന സി.പി.എമ്മിന് ഇപ്പോൾ മൂന്ന് പേർ മാത്രം പാർട്ടി അംഗത്വത്തിൽ രാജ്യത്താകെ കീഴ്പോട്ടാണ് വളർച്ച. കേരളമുൾപ്പെടെ ഏതാനും സംസ്ഥാനങ്ങളേയുള്ളൂ അപവാദം. ബംഗാളിലും അംഗത്വത്തിൽ ഇടർച്ച തന്നെ. പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിലാണ് 23-ാം പാർട്ടി കോൺഗ്രസിന് സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂർ വേദിയായത്. 2015ലെ കൊൽക്കത്ത പ്ലീനം തൊട്ട് പാർട്ടിയുടെ സംഘടനാ ശാക്തീകരണമാണ് സി.പി.എം പ്രഖ്യാപിത ലക്ഷ്യമെങ്കിലും അതിലേക്കെത്താനാകുന്നില്ലെന്ന സ്വയം വിമർശനമാണ് ഇത്തവണ പാർട്ടി കോൺഗ്രസിലും മുഴങ്ങിക്കേട്ടത്.

ബി.ജെ.പിയുടെ ഹിന്ദുത്വ അജൻഡയ്ക്കും, വർഗീയ ശക്തികൾക്കുമെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ പാർട്ടിയുടെയും , ഇടതുപക്ഷത്തിന്റെയും ശക്തിപ്പെടുത്തൽ ആവശ്യമാണെന്നാണ് കണ്ണൂർ പാർട്ടി കോൺഗ്രസും പ്രഖ്യാപിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭവും കർഷകസമരവും തൊഴിലാളി സമരങ്ങളുമടക്കം രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങൾ സൃഷ്ടിച്ച സമരൈക്യത്തെ ഏറ്റെടുക്കാനാകുമെന്ന പ്രതീക്ഷയാണ് പാർട്ടി കോൺഗ്രസും പങ്കുവച്ചത്.രണ്ട് വർഷത്തിനപ്പുറം വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പാകും സി.പി.എം അഭിമുഖീകരിക്കാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിന് മുമ്പ് സംഘടനയെ ശക്തിപ്പെടുത്താനുള്ള ദൗത്യത്തിൽ ഏതളവ് വരെ മുന്നേറ്റമുണ്ടാക്കാനാകുന്നുവെന്നത് പ്രധാനമാണ്.

പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ മൂന്നാമൂഴത്തിലും നയിക്കേണ്ട ഉത്തരവാദിത്വം സീതാറാം യെച്ചൂരിയുടെ ചുമലിലാണ്. അവശേഷിക്കുന്ന ചുവപ്പ്തുരുത്തായ കേരളത്തിലെ ഇടതു സർക്കാരിന്റെ നേട്ടങ്ങളെ സംഘടനാ പോരാട്ടങ്ങൾക്ക് ദേശീയതലത്തിൽ ബദൽ മാതൃകയായി ഉയർത്തിക്കാട്ടാനാണ് പാർട്ടി തീരുമാനം. അപ്പോഴും സിൽവർലൈൻ പോലുള്ള മെഗാപദ്ധതികളെ ചൊല്ലിയുള്ള വിവാദങ്ങൾ സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങൾ മുഴച്ചു നിൽക്കുന്നുമുണ്ട്.

Advertisement
Advertisement