ഭൂമിയിലെ ചിലന്തികൾ എത്ര തരം ?!

Monday 11 April 2022 3:52 AM IST

ലണ്ടൻ : നമുക്കെല്ലാം സുപരിചിതമായ ജീവിയാണ് ചിലന്തി. എന്നാൽ, ലോകത്ത് എത്ര സ്പീഷീസിൽപ്പെട്ട ചിലന്തികൾ ഉണ്ടെന്ന് അറിയാമോ ? ഏകദേശം 50,000 ചിലന്തി സ്പീഷീസുകളെയാണ് ലോകത്ത് കണ്ടെത്തിയിട്ടുള്ളത്.! സ്വിറ്റ്‌സർലൻഡിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഒഫ് ബേണിന്റെ ദ വേൾഡ് സ്പൈഡർ കാറ്റലോഗിന്റെ കണക്ക് പ്രകാരമാണിത്.

തീർന്നില്ല, ഇനിയും 50,000ത്തിലേറെ ചിലന്തി സ്പീഷീസുകളെ കണ്ടെത്താനുമുണ്ടത്രെ. ചിലന്തികൾക്ക് പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുണ്ട്. ഏകദേശം 400 - 800 ദശലക്ഷം ടൺ പ്രാണികളെയാണ് ഓരോ വർഷവും ചിലന്തികൾ ഭക്ഷിക്കുന്നത്. പ്രാണികളുടെ എണ്ണം നിയന്ത്രിച്ച് നിറുത്തുന്നതിൽ വളരെ വലിയ പങ്കാണ് ചിലന്തികൾക്ക്.

' ഗുരിയുറിയസ് മിന്വാനോ " ആണ് ലോകത്ത് രജിസ്റ്റർ ചെയ്യപ്പെട്ട 50,000-ാമത് ചിലന്തി സ്പീഷീസ്. തെക്കൻ ബ്രസീലിൽ കണ്ടെത്തിയ ചെടികളിലും മരങ്ങളിലും കാണപ്പെടുന്ന ഇവ സാൾട്ടിസിഡേ കുടുംബത്തിൽപ്പെട്ടവയാണ്. 1757ലാണ് ശാസ്ത്രജ്ഞർ ചിലന്തിയുടെ ആദ്യ ശാസ്ത്രീയ വിശദീകരണം നൽകിയത്. ഇപ്പോൾ 265 വർഷം കൊണ്ടാണ് 50,000 ചിലന്തി സ്പീഷീസുകളെ കണ്ടെത്തിയത്. !

Advertisement
Advertisement