വെള്ളപ്പൊക്കത്തിന് കാരണം കാലാവസ്ഥാ വ്യതിയാനം.

Tuesday 12 April 2022 12:00 AM IST

കോട്ടയം. വേനൽമഴയിൽ വെള്ളക്കെട്ടുണ്ടായി ജില്ലയുടെ പല ഭാഗങ്ങളിലും നെൽകൃഷി വൻ തോതിൽ നശിച്ചതിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനമെന്ന് വിലയിരുത്തൽ. ഒന്നോ രണ്ടോ വേനൽ മഴയിൽ ഒരിക്കലും ഉണ്ടാകാത്ത തരത്തിൽ അമ്പതുശതമാനത്തിലേറെ മഴ കോട്ടയത്ത് ലഭിച്ചു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടഞ്ഞു കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമായി. വാകത്താനം ഉദിക്കൽ പാടം മുതൽ ഏറ്റുമാനൂർ ചെറുവാണ്ടൂർ പാടം വരെ ഉയർന്ന പ്രദേശമായിട്ടും വെള്ളം കയറി നെൽകൃഷി നശിച്ചു. ഹിറ്റാച്ചി ഉപയോഗിച്ച് ചാലു കീറിയാണ് വെള്ളം ഒഴുക്കിവിട്ടത്. വേനൽ മഴയിൽ പലയിടത്തും മടവീണു. വിളഞ്ഞ നെൽച്ചെടികൾ വെള്ളത്തിലായതോടെ കൊയ്യാൻ കഴിയുന്നില്ല.
60 ഏക്കർ വരുന്ന ചെറുവാണ്ടൂർ, ചെറുവാണ്ടൂർ തെക്കുംഭാഗം, 25 ഏക്കറുള്ള ഏറ്റുമാനൂർ, 90 ഏക്കറുള്ള പേരൂർ, 67 ഏക്കർ വരുന്ന തെള്ളകം പാടശേഖരങ്ങളിലെ നെൽകൃഷി നശിച്ചു. മടവീണ് ഇനിയും കൃഷി നശിക്കാതിരിക്കാൻ ബണ്ട് താത്ക്കാലികമായി ബലപ്പെടുത്താനും നീരൊഴുക്ക് സുഗമമാക്കാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മീനച്ചിൽ മീനന്തലയാർ നദീസംയോജന കോഒാർഡിനേറ്റർ അഡ്വ. കെ.അനിൽകുമാർ പറയുന്നു.

പുതുഞായറോടെ കോട്ടയത്ത് പുതുവെള്ളം വരുമെന്നാണ് പഴമൊഴി. 24നാണ് പുതുഞായറാഴ്ച. രണ്ടാഴ്ച മുമ്പേ വെള്ളം വന്നു. നേരത്തേ ചുഴലിക്കാറ്റിൽ വെള്ളം പൊങ്ങിയത് മേയ് മാസത്തിലായിരുന്നു. വേനൽ മഴ പെയ്യുന്ന ഏപ്രിലിൽ വെള്ളം പൊങ്ങുന്നത് ആദ്യമായിട്ടാണ് .

നഷ്ടപരിഹാരം ഉടൻ നൽകും.

വേനൽമഴയിൽ കൃഷിനാശം നേരിട്ട ജില്ലയിലെ കർഷകർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഭാവിയിൽ വേനൽ മഴയിൽ വെള്ളക്കെട്ടുണ്ടായി കൃഷി നശിക്കുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. കൃഷിനാശം സംബന്ധിച്ച് കൃഷി മന്ത്രിയുമായി സംസാരിച്ചു. വിഷയം മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തും. നാശനഷ്ടം തിട്ടപ്പെടുത്താൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും റിപ്പോർട്ട് അടിയന്തരമായി സർക്കാരിന് സമർപ്പിക്കാൻ ജില്ലാ കളക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് ഏറ്റുമാനൂർ-ചെറുവാണ്ടൂർ പാടശേഖരത്തിന്റെ പുറംബണ്ട് ബലപ്പെടുത്തും. ചാലുകളുടെ ആഴം വർദ്ധിപ്പിച്ച് വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള നടപടികളും സ്വീകരിക്കും.

.

Advertisement
Advertisement