കുടിവെള്ളത്തിൽ ചെളിയുണ്ടാവില്ല, തൃശൂരിൽ ഫ്ളോട്ടിംഗ് ഇൻടേക് പമ്പിംഗ് മേയിൽ

Monday 11 April 2022 9:18 PM IST

തൃശൂർ: ജലോപരിതലത്തിൽ നിന്ന് വെള്ളമെടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്യാൻ കഴിയുന്ന ഫ്‌ളോട്ടിംഗ് ഇൻടേക് പമ്പിംഗ് സിസ്റ്റം മേയ് ആദ്യം പീച്ചി ഡാമിൽ പ്രവർത്തനസജ്ജമാകും. ഇതോടെ തൃശൂർ കോർപ്പറേഷൻ പരിധിയിലും സമീപത്തെ പത്ത് പഞ്ചായത്തുകളിലുമെത്തുന്ന കുടിവെള്ളത്തിൽ ചെളി ഉണ്ടാകുന്ന സാഹചര്യമുണ്ടാകില്ലെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു.
നിലവിൽ ഡാമിലെ വെള്ളത്തിനടിയിലുള്ള പമ്പിൽ നിന്നാണ് വെള്ളമെടുത്ത് വിതരണം ചെയ്യുന്നത്. അതുകൊണ്ട് കുടിവെള്ളത്തിൽ ചെളി കലരുന്നത് പതിവായി. കൗൺസിലിൽ പ്രതിഷേധങ്ങളും തുടർന്നു. വലിയ ടാങ്കുകൾ കൂട്ടിയോജിപ്പിച്ച് അതിനുമീതെ പമ്പുകൾ ചേർത്തുവെച്ചാണ് ഫ്‌ളോട്ടിംഗ് ഇൻടേക് പമ്പിംഗ് സിസ്റ്റം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്. നിലവിൽ ജലസംഭരണിയിൽ അറുപത് മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. ഉപരിതലത്തിലെ വെള്ളമായതിനാൽ ഒരിക്കലും ചെളി ഉണ്ടാകില്ലെന്നതാണ് പ്രത്യേകത.
നൂറ് കോടിയിലേറെ രൂപ ചെലവിട്ട് മൂന്ന് വർഷം മുൻപ് തുടങ്ങിയ പദ്ധതി സാങ്കേതികപ്രശ്‌നങ്ങളാൽ വൈകിയിരുന്നു. ഇൻടേക്ക് പൈപ്പ് വഴി 360 ലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം എടുക്കാനാകുകയെന്നും പീച്ചിയിലെ പമ്പിംഗ് സിസ്റ്റം പരിശോധിച്ച ശേഷം മേയർ വ്യക്തമാക്കി. പമ്പ് ഹൗസിലേക്കായി പുതിയ ഇലക്ട്രിക്കൽ ഡെഡിക്കേറ്റഡ് ലൈനിന്റെ നിർമ്മാണവും പൂർത്തീകരിച്ചു. ഇതിനായി വൈദ്യുതി കണക്ഷന് അപേക്ഷ നൽകിയിട്ടുണ്ട്. ഇരുപത് എം.എൽ.ഡി ട്രീറ്റ്‌മെന്റ് പ്‌ളാന്റ് കമ്മിഷൻ ചെയ്തിരുന്നു. അറുപത് ലക്ഷം ലിറ്റർ വെള്ളമാണ് പ്രതിദിനം ഈ പ്‌ളാന്റ് വഴി കൂടുതലായി പമ്പ് ചെയ്യാനായത്.

കലക്ക വെള്ളമാണ് കുടിവെള്ള പൈപ്പിലൂടെ വരുന്നതെന്നാരോപിച്ച് പ്രതിഷേധം കഴിഞ്ഞയാഴ്ച കോർപറേഷൻ കൗൺസിലിൽ സംഘർഷത്തിന് വഴിവച്ചിരുന്നു. കോൺഗ്രസ് അംഗങ്ങൾ മേയറെ തടഞ്ഞ് കാറിന് മുകളിൽ ചെളിവെള്ളം ഒഴിച്ചു. മേയറുടെ കാർ മുന്നോട്ടെടുക്കുന്നതിനിടെ കോൺഗ്രസ് കൗൺസിലർമാർക്ക് പരിക്കേറ്റിരുന്നു. കോൺഗ്രസ് കൗൺസിലർമാർ രണ്ട് ദിവസം ചേംബറിൽ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.

Advertisement
Advertisement