കൊവിഡാനന്തരം ചോര വീണ് വീട്ടകങ്ങൾ

Monday 11 April 2022 9:28 PM IST

തൃശൂർ: കൊവിഡിന്റെ അടച്ചിടൽ പിന്നിട്ടിട്ടും സമ്മർദ്ദങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥകളും അതിജീവിക്കാതെ ജനം അക്രമവാസനകളിലേക്ക് തിരിയുന്നുവെന്ന് നിയമവിദഗ്ദ്ധരും മനഃശാസ്ത്രജ്ഞരും. കഴിഞ്ഞദിവസം ഇഞ്ചക്കുണ്ടിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഈ കണക്കിൽ അവസാനത്തേതാണ്.
നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യവും ലഹരിവസ്തുക്കളും കിട്ടാതായതിനാലും കുറ്റകൃത്യം ഉണ്ടാകാനായി കാരണമായേക്കാവുന്ന പല സാഹചര്യങ്ങളും ഉണ്ടാകാതിരുന്നതിനാലും സ്വാഭാവികമായും കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവ് വന്നു.

ലോക്ഡൗൺ പൂർണ്ണമായും ഇല്ലാതായതോടെ മദ്യപിച്ച് കുടുംബാംഗങ്ങളെ അക്രമിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് പൊലീസ് നൽകുന്ന അനൗദ്യോഗിക വിവരം.

ലോക്ഡൗൺ കഴിഞ്ഞിട്ട് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടി എന്നുള്ളതല്ല പഴയ സ്ഥിതിയിലേക്ക് തിരികെപോയി എന്നുള്ളതാണ് കാണിക്കുന്നതെന്ന് പറയുന്നു. ലോക്ഡൗൺ സമയത്ത് കുറ്റകൃത്യം കുറഞ്ഞിട്ടുണ്ടെങ്കിലും അത് നിയമത്തെ ഭയന്നല്ല, മറിച്ച് ഗുരുതരമായ സാഹചര്യത്തെ ഭയന്നാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മദ്യം പോലുള്ള ലഹരികളുടെ സ്വാധീനം കുറഞ്ഞതും ആളുകൾക്ക് ആശയ വിനിമയം നടത്താനും ഒത്തുകൂടാനുമുള്ള സാഹചര്യം ഇല്ലാത്തതും കുറ്റകൃത്യം കുറയാനിടയാക്കി.

ദയനീയമായ സാമ്പത്തിക അവസ്ഥയിലൂടെയാണ് ഇപ്പോൾ നമ്മൾ കടന്നുപോകുന്നത്. അതിനാൽ വീട്ടിനുള്ളിലെ സംഘർഷം കൂടുകയും ചെയ്യുന്നുണ്ട്. വീടുകൾക്കുള്ളിലെ കുറ്റകൃത്യങ്ങളും സംഘർഷങ്ങളും പൊലീസിനെ അറിയിക്കാനോ ജനപ്രതിനിധികളേയോ മറ്റോ ഇടപെടുവിച്ച് പരിഹരിക്കാനോ ശ്രമിക്കാത്ത സാഹചര്യവുമുണ്ട്. ഇളവുകൾ വന്നെങ്കിലും സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവസ്ഥ പലരെയും സമ്മർദ്ദത്തിലുമാക്കുന്നുണ്ട്

ഇരകളായി വൃദ്ധർ

വീട്ടിനുള്ളിൽ കുറ്റകൃത്യങ്ങൾക്ക് ഇരകളാകുന്ന വൃദ്ധരുടെ എണ്ണം കൂടുകയാണ്. ഇന്നലെ കൊല്ലപ്പെട്ടതും 60 വയസ് പിന്നിട്ട മാതാപിതാക്കളായിരുന്നു. കൊവിഡ് കാലയളവിൽ അടക്കം വലിയ തോതിൽ വിഷമതകൾ നേരിട്ട വിഭാഗമാണ് വൃദ്ധർ. ആരോഗ്യത്തെ ചൊല്ലിയുള്ള ആശങ്കകൾക്ക് പുറമെ നിലനിൽപ്പുമായി ബന്ധപ്പെട്ട് വരുന്ന എണ്ണമറ്റ പ്രശ്‌നങ്ങളാണ് വാർദ്ധക്യത്തിലെത്തിയവർ അനുഭവിക്കുന്നതെന്നാണ് സമീപകാല കണക്കുകൾ. അനാഥത്വം നേരിടുന്ന, കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്ന നിരവധി വൃദ്ധരുണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. പ്രതീക്ഷയറ്റ് വാർദ്ധക്യത്തിൽ ഒറ്റയാക്കപ്പെട്ട്, അഭിമാനക്ഷതവും പഴിചാരലുകളുമേറ്റ് വീട്ടകങ്ങൾക്കകത്തും ഉപേക്ഷിക്കപ്പെട്ടവരുടെ കേന്ദ്രങ്ങളിലുമെല്ലാം കഴിയുന്ന വൃദ്ധരും കൂടിവരികയാണ്.


കൊവിഡ് കാല നിയന്ത്രണം ഇല്ലാതായതോടെ രോഗത്തോടുളള ഭയം ഇല്ലാതായിട്ടുണ്ട്. സ്വാഭാവികമായി കുറ്റകൃത്യങ്ങൾക്കുളള സാഹചര്യവും കൂടും. സാമൂഹമാദ്ധ്യമങ്ങൾ സജീവമായതോടെ കുറ്റകൃത്യങ്ങൾ പെട്ടെന്ന് എല്ലാവരും അറിയുന്നുണ്ട്. പ്രതികളെ ഉടനെ പിടികൂടാനും കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ രേഖപ്പെടുത്തുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുകയും ചെയ്യും.

ഡോ.പി.കെ.സുകുമാരൻ

മനോരോഗ ചികിത്സാവിദഗ്ദ്ധൻ

Advertisement
Advertisement