ധനമന്ത്രിയുമായി സംവദിച്ച് കണ്ണൂർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ

Tuesday 12 April 2022 12:10 AM IST
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിദ്യാർത്ഥികളുമായി സംവാദിക്കുന്നു

എല്ലാം ശരിയാക്കാമെന്ന് മന്ത്രി

കണ്ണൂർ: അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം, ആവശ്യത്തിനുള്ള എക്യുപ്മെന്റ്സ് സജ്ജമാക്കണം, ചരിത്ര വിഷയങ്ങൾക്കും പ്രധാന്യം നൽകണം...കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി നടത്തിയ സംവാദത്തിൽ വിദ്യാർത്ഥികൾ മുന്നോട്ടു വച്ച ആവശ്യങ്ങൾ ഇതൊക്കെയാണ്. എല്ലാം ശരിയാക്കാമെന്ന മറുപടിയുമായി മന്ത്രിയും. യൂണിവേഴിസിറ്റിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ആവശ്യത്തിന് കംപ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റ് അത്യാധുനിക എക്യുപ്മെന്റ്സും സജ്ജമാക്കണമെന്നും നിലവിൽ കൃത്യമായി പ്രവർത്തിക്കുന്ന സിസ്റ്റം പോലുമില്ലാതെയാണ് റിസേർച്ച് പഠനം നടത്തുന്നതെന്നുമുള്ള പരാതി ഉയർന്നത് ഐ.ടി ഡിപ്പാർട്ട്മന്റിൽ നിന്നാണ്. സ്കൂളുകൾക്ക് കംപ്യൂട്ടറുകളടക്കമുള്ള നിരവധി എക്യുപ്മെന്റ്സ് ലഭിക്കാറുണ്ടെന്നും ഇത്തരത്തിലുള്ള ഉപകരണങ്ങൾ ലഭ്യമാക്കാൻ യൂണിവേഴ്സിറ്റികളിലും ശ്രദ്ധിക്കണമെന്നും വിദ്യാർത്ഥികൾ പറഞ്ഞപ്പോൾ ആവശ്യമായ നടപടി സർക്കാർ കൈക്കൊള്ളുമെന്ന് മന്ത്രി മറുപടി നൽകി.

ഉന്നത വിദ്യാഭ്യാസ മേഖലയും തൊഴിൽ സംവിധാനങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അഞ്ചുവർഷത്തെ

പിഎച്ച്.ഡി കഴിഞ്ഞ് ഇറങ്ങുന്ന ഒരാൾക്ക് കേരളത്തിൽ എത്രമാത്രം തൊഴിൽ സാധ്യതയാണ് ഉറപ്പു വരുത്തുന്നതെന്നുമായിരുന്നു മറ്റൊരു ചോദ്യം.

കേന്ദ്ര സർക്കാർ കൂടുതലായും പ്രാധാന്യം നൽകുന്നത് ശാസ്ത്ര വിഷയങ്ങൾക്കാണെന്നും സോഷ്യൽ

സയൻസ്, ഹിസ്റ്ററി പോലുള്ള വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും ഇതിന് ഒരു ബദൽ സംവിധാനമുണ്ടോയെന്നും ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിൽ നിന്നും ചോദ്യമുയർന്നു. സർക്കാർ സോഷ്യൽ സയൻസിനും ആർട്സ് വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി. ചരിത്ര പ്രാധാന്യമേറെയുള്ള നാടാണ് കേരളം. നമ്മുടെ മ്യൂസിയങ്ങളും മറ്റ് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുമെല്ലാം മെച്ചപ്പെടുത്തുന്നതിന് ഇത്തരം ഡിപ്പാർട്ട്മെന്റുകളിൽ നിന്നുമുള്ള ആശയങ്ങൾ കൂടി വരണമെന്നും മന്ത്രി പറഞ്ഞു.

യൂണിവേഴ്സിറ്റികളിൽ ടൂറിസവുമായി ബന്ധപ്പെട്ട ഹെറിട്ടേജ്, ആർക്കിയോളജി ഡിപ്പാർട്ട്മെന്റുകളില്ലെന്നും ഇത്തരം ഡിപ്പാർട്ടുമെന്റുകൾ വന്നാൽ നിരവധി തൊഴിലവസരങ്ങൾ നൽകാമെന്നുമുള്ള നിർദ്ദേശത്തെ മന്ത്രി സ്വാഗതം ചെയ്തു. സ്വാശ്രയ മേഖലകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന അവഗണന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഈ മേഖലയിലെ സംഘടനാ പ്രസിഡന്റായി വ‌ർഷങ്ങളോളം പ്രവർത്തിച്ചയാളാണ് താനെന്നും സ്വാശ്രയ മേഖലകളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഏറെ കാലത്തെ പ്രതിഷേധങ്ങൾക്കൊടുവിലാണ് നിലവിൽ ഒരു നിയമ നിർമ്മാണം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ, സിൻഡിക്കേറ്റ് അംഗം എൻ. സുകന്യ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement