അന്യന്റെ വാർത്തകൾ കോരി കീശവീർപ്പിച്ച് ഗൂഗിൾ

Wednesday 13 April 2022 12:00 AM IST

ഡിജിറ്റൽ യുഗത്തിൽ വാർത്തകൾ കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും സ്‌ക്രീനുകളിലേക്കു ദേഹാന്തരം പ്രാപിച്ചപ്പോൾ അതിന്റെ കണക്കുകളില്ലാത്ത സാമ്പത്തിക ഗുണഭോക്താക്കളായി മാറിയത് ഗൂഗിളിനെ പോലെയുള്ള ഡിജിറ്റൽ ഭീമന്മാരാണ്. പത്രമാദ്ധ്യമ വ്യവസായത്തിലെ വാർത്തകളുടെ പ്രജനനപ്രക്രിയ എന്നത് നിക്ഷേപാധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ പത്രത്താളുകളിൽ നിന്നും പോർട്ടലുകളിലേക്കു വായനക്കാർ ചേക്കേറുമ്പോൾ ഉണ്ടാകുന്ന സാമ്പത്തികനഷ്ടം സത്യസന്ധമായ വരുമാനവിഹിതം നല്കുന്നതിലൂടെ മാത്രമേ നികത്തപ്പെടുകയുള്ളൂ. ഈ സാഹചര്യത്തിൽ ഗൂഗിളിനെപ്പോലെയുള്ള സെർച്ച് എൻജിനുകളും ഡിജിറ്റൽ മദ്ധ്യവർത്തികളും ഇന്ത്യയെപ്പോലെയുള്ള വികസ്വരരാജ്യങ്ങളിൽ പിന്തുടർന്നു പോരുന്ന സുതാര്യതയില്ലാത്ത കുത്തകതന്ത്രങ്ങൾക്ക് തിരിച്ചടി നല്‌കാൻ പര്യാപ്‌തമായ നടപടിയാണ് കോംപറ്റീഷൻ കമ്മിഷൻ അടുത്തിടെ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്റെയും ഇന്ത്യൻ ന്യൂസ്‌ പേപ്പർ സൊസൈറ്റിയുടെയും പരാതികളിൽ ഗൂഗിളിനെതിരെ പ്രഖ്യാപിച്ച അന്വേഷണം.


പ്രബലപദവിയുടെ

ദുരുപയോഗം

വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ പരസ്യത്തിലൂടെ ലഭിക്കുന്ന ഡിജിറ്റൽ വരുമാനവിഹിതം ഗൂഗിൾ വെളിവാക്കാറില്ല . ഇത് ഡിജിറ്റൽ വാർത്താവിതരണ സമ്പ്രദായത്തിൽ ഗൂഗിളിനുള്ള മേൽക്കോയ്മയുടെ ദുരുപയോഗം ആണെന്ന് വ്യക്തമാണ്. ഈ സാഹചര്യം അത്യന്തം ഗൗരവകരവുമാണ്.

ഗൂഗിളിന്റെ പരസ്യസാങ്കേതികത സേവനവും വാർത്താ റെഫെറൽ സെർവീസും ഒക്കെത്തന്നെ അവർക്ക് പ്രബലസ്ഥാനം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ തൽസ്ഥാനങ്ങളുടെ ദുരുപയോഗത്തിലൂടെ കുത്തകയാകുകയാണ് ഗൂഗിൾ . സെർച്ച് എൻജിനുകളുടെ അൻപത് ശതമാനത്തിലധികം വിപണിയും കയ്യടക്കിവയ്‌ക്കുന്ന ഗൂഗിളിന് ഡിജിറ്റൽ വിപണിയുടെ മത്സരത്തിൽ അനാരോഗ്യകരമായി ഇടപെടാനും സ്വാധീനം ചെലുത്താനും ചില മാദ്ധ്യമസ്ഥാപനങ്ങളെ തഴയുവാനും ചിലതിനെ പരിഗണിക്കാനും കഴിയുന്നു


മത്സരനിയമം

നാലാം വകുപ്പിന്റെ ലംഘനം

ഇന്ത്യ 2002 ൽ പാസാക്കിയ മത്സരനിയമത്തിന്റെ (Competition Act ) നാലാംവകുപ്പ് പ്രകാരം ഒരു സ്ഥാപനവും അതിന്റെ പ്രബലസ്ഥാനം ദുരുപയോഗം ചെയ്യാൻ പാടില്ല. ഏതൊക്കെ സാഹചര്യത്തിലാണ് അത്തരം ദുരുപയോഗം നടക്കുന്നതെന്ന് നാലാം വകുപ്പ് വിശദീകരിക്കുന്നു. ഇത്തരം ഒരു പ്രബലസ്ഥാപനം ഉത്പാദനത്തിന് വിഘാതം വരുന്ന രീതിയിൽ നടപടികളെടുക്കുകയോ നിബന്ധനകൾ വയ്ക്കുകയോ ചില സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്കു പ്രത്യേക പരിഗണന കൊടുക്കുകയോ ഒക്കെ ചെയ്‌താൽ നിയമത്തിന്റെ പത്തൊൻപതാം വകുപ്പ്
പ്രകാരം അന്വേഷണം നടത്തി 27 -ാം വകുപ്പ് പ്രകാരം ഉത്തരവ്
പാസാക്കാൻ കഴിയും. മേൽപ്പറഞ്ഞ ഉത്തരവ് വഴി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും പിഴചുമത്താനും ഒക്കെ കഴിയുമെന്നിരിക്കെ, മാദ്ധ്യമ സ്ഥാപനങ്ങളുമായി ഒത്തുതീർപ്പിലെത്താൻ ഗൂഗിൾ നിർബന്ധിതരാകുമെന്ന് പറയേണ്ടതില്ല. പ്രഥമദൃഷ്ട്യാ ലംഘനം നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ മത്സര കമ്മിഷൻ കണ്ടെത്തിയതിനു ശേഷമാണ് അന്വേഷണത്തിനായി ഡയറക്ടർ ജനറലിനെ ചുമതലപ്പെടുത്തിയത് . ലോകമെമ്പാടും ഇത്തരം നിയമനടപടികൾ ഫലം കണ്ടുതുടങ്ങി എന്നത് സ്വാഗതാർഹമാണ്.


മറ്റു രാജ്യങ്ങളിൽ

നിയമപരിരക്ഷ
2020 ൽ സമാനമായ വ്യവഹാരത്തിൽ ഗൂഗിൾ അവരുടെ പ്രബലസ്ഥാനം ദുരുപയോഗിച്ചതായി ഫ്രാൻസിന്റെ ദേശീയ മത്സരനിയന്ത്രണ സംവിധാനം കണ്ടെത്തുകയും ഗൂഗിളിനോട് 121 ഫ്രഞ്ച് മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീർപ്പിലെത്താൻ ആവശ്യപ്പെടുകയും അത്തരം ഒത്തുതീർപ്പിലേക്ക് ഗൂഗിൾ എത്തുകയുമുണ്ടായി. അതുപോലെ ഓസ്‌ട്രേലിയൻ പാർലമെന്റ് 2021 ൽ ന്യൂ മീഡിയ
ബാർഗെയ്‌നിങ് കോഡ് പാസാക്കുകയുണ്ടായി. ഫേസ്ബുക്കും
ഗൂഗിളും പത്രമാദ്ധ്യമങ്ങൾക്കു ന്യായയുക്തമായ വരുമാനവിഹിതം
നൽകാൻ ഇത് വഴിതുറക്കും. ഇന്ത്യയിലും മാറ്റങ്ങൾ അനിവാര്യമാണ്.

ലേഖകൻ സുപ്രീം കോടതി അഭിഭാഷകനാണ്

Advertisement
Advertisement