ജാർഖണ്ഡ് കേബിൾ കാർ അപകടം:​ കുടുങ്ങിയവരെയെല്ലാം രക്ഷപ്പെടുത്തി

Wednesday 13 April 2022 12:04 AM IST

റാഞ്ചി:45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ജാർഖണ്ഡിലെ ദിയോഘറിൽ റോപ്‌വേ അപകടത്തെ തുടർന്ന് കേബിൾ കാറുകളിൽ കുടുങ്ങിയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി.

അതിനിടെ, മരിച്ച മൂന്നു പേരിൽ രണ്ട് പേർ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് വ്യക്തമായി. ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ശക്തമായ കാറ്റിൽപ്പെട്ട് ഇവർ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മറ്റ് ചിലർക്കും രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റിട്ടുണ്ട്. വ്യോമസേന, ഐ.ടി.ബി.പി, ദേശീയ ദുരന്ത നിരവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ട് എം.ഐ -17 ഹെലികോപ്ടറുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. അപകടത്തിൽപ്പെട്ട് റോപ് വേയിൽ കുടുങ്ങിയ 12 കേബിൾ കാറുകളിൽ എഴുപതിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നത്.
കേബിൾ കാറിൽ കുടുങ്ങിക്കിടന്നവർക്ക് ഭക്ഷണവും വെള്ളവും ഡ്രോൺ ഉപയോഗിച്ച് നൽകിയിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത ജാർഖണ്ഡ് ഹൈക്കോടതി അപകടത്തിൽ വിശദമായ അന്വേഷണം നടത്തി ഏപ്രിൽ 26ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

Advertisement
Advertisement