തിമിർത്തുപെയ്ത് വേനൽ മഴ

Wednesday 13 April 2022 1:51 AM IST

വിതുര: കത്തുന്ന വേനൽച്ചൂടിൽ മഴ പെയ്യാൻ തുടങ്ങിയതോടെ മലയോരമേഖലയിലെ ജനങ്ങൾക്ക് തെല്ലാശ്വാസമായെങ്കിലും ഒരാഴ്ചയായി ഉച്ചകഴിഞ്ഞ് പെയ്തിറങ്ങുന്ന വേനൽമഴ മലയോരമേഖലയിൽ തീരാദുരിതവും വിതയ്ക്കുകയാണ്.

ഒരാഴ്ചയായി ഉച്ച തിരിഞ്ഞ് വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ മണിക്കൂറുകളോളം വേനൽ മഴ പെയ്യുന്നുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും. മഴയത്ത് പൊൻമുടി-തിരുവനന്തുപുരം സംസ്ഥാനപാതയിലെ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങും. വിതുര-പാലോട്, മടത്തറ, വിതുര- ആര്യനാട് റോഡുകളെ അവസ്ഥയും വിഭിന്നമല്ല. അടുത്തിടെ റോഡുകൾ ടാറിംഗ് നടത്തിയെങ്കിലും ഓടകൾ നിർമ്മിക്കാത്തതുമൂലമാണ് റോഡുകൾ വെള്ളത്തിനടിയിലാകുന്നത്. മിക്ക റോഡുകളും താറുമാറായ നിലയിലാണ്. മഴയത്ത് റോഡുകൾ തോടാകുന്നതോടെ ഗതാഗതതടസവും, അപകടങ്ങളും നടക്കുന്നുണ്ട്. വീശിയടിച്ച ശക്തമായ കാറ്റിനെ തുടർന്ന് വാഴ, പച്ചക്കറി, മരിച്ചീനി കൃഷികൾ വ്യാപകമായി നശിച്ചു. റബർ കർഷകരുടെ അവസ്ഥയും വിഭിന്നമല്ല. എസ്റ്റേറ്റുകളിലും, വിളകളിലുമായി നൂറുകണക്കിന് റബർമരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വീണു. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് മഴയും കാറ്റും വിതച്ചത്. ആദിവാസിമേഖലകളിലെ അനവധി വീടുകളിലെ മേൽക്കൂരകൾ കാറ്റത്ത് തകർന്നു. തോട്ടം മേഖലകളിൽ നിരവധി ലായങ്ങളുടെ മേൽക്കൂരകളും കാറ്റത്ത് നിലം പൊത്തി. ബോണക്കാട്, പൊൻമുടി എസ്റ്റേറ്റുകളിലെ ലായങ്ങളാണ് കാറ്റത്ത് തകർന്നത്. കൃഷിഓഫീസിന്റെയും,വില്ലേജ് ഓഫീസറുടെയും നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് കോടിയിൽപരം രൂപയുടെ നാശനഷ്ടമുള്ളതായാണ് പ്രാഥമികകണക്ക്.

**വൈദ്യുതിമുടക്കം പതിവായി

വേനൽമഴ എത്തിയതോടെ മലയോരമേഖലയിലെ മിക്ക പഞ്ചായത്തിലും വൈദ്യുതി മുടക്കം പതിവായി മാറി. മഴയത്ത് മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കും. കാറ്റത്ത് വൈദ്യുതി ലൈനുകളും പൊട്ടി വീഴുകയും പതിവാണ്. വൈദ്യുതി വകുപ്പിനും കനത്ത നഷ്ടമുണ്ട്. തൊഴിലാളികൾ മണിക്കൂറുകളോളം കഷ്ടപ്പെട്ടാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിപ്പിക്കുന്നത്.

**മിന്നലേറ്റ് മരണം

വേനൽ മഴക്കൊപ്പം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലും കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത് മിന്നലേറ്റ് ഒരു വീട്ടമ്മ മരണപ്പെടുകയും, പശു ചാവുകയും ചെയ്തു. മിന്നലേറ്റ് അനവധി ടി.വി,​ കംപ്യൂട്ട‌ർ, ലാപ്പ്ടോപ്പുകൾ,​ ഫാൻ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ ഉപകരണങ്ങളും നശിച്ചു. നിരവധി വീടുകളിലെ വയറിംഗും കത്തി നശിച്ചു. വൈദ്യുതി ലൈനുകളിലും മിന്നലേറ്റ് കേടുപാടുണ്ടായി.

**പൊൻമുടി ഇരുട്ടിൽ

മഴ ശക്തിപ്രാപിച്ചതോടെ വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി ഇരുട്ടിൽ മുങ്ങുകയാണ്. ഒരാഴ്ചയായി ഇവിടെ വൈദ്യുതി വിതരണം നിലച്ചിട്ട്. കാറ്റോ, മഴയോ വന്നാൽ നിലക്കുന്ന വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്. പൊൻമുടിയിലേക്ക് വൈദ്യുതിലൈൻ വനത്തിലൂടെയാണ് കടന്നുപോകുന്നത്, മഴയത്തും, കാറ്റത്തും മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വൈദ്യുതിലൈനുകളിൽ പതിക്കും. ഇതോടെ കറണ്ട് അപ്രത്യക്ഷമാകും. വേനൽ മഴ വൈദ്യുതിവകുപ്പിന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വിതച്ചത്.

**കുടിവെള്ളക്ഷാമത്തിന് പരിഹാരം

ഉച്ചതിരഞ്ഞ് തിമിർത്തുപെയ്യുന്ന വേനൽമഴ ഒരു ഭാഗത്ത് നാശംവിതക്കുന്നുണ്ടെങ്കിലും മീനചൂടിന്റെ കാഠിന്യം മൂലം കിണറുകളും, കുളങ്ങളും, നീർച്ചാലുകളും മറ്റ് ജലസ്രോതസുകളും വറ്റി വരണ്ടുകിടക്കുകയും, രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുകയും ചെയ്യുകയായിരുന്നു. മഴ പെയ്തതോടെ ജലസ്രോതസുകൾക്ക് പുതുജീവനായി. നീരൊഴുക്ക് നിലച്ച് നിശ്ചലമായി കിടന്ന നദികളും ഒഴുകി തുടങ്ങി. കിണറുകളിലും ജലനിരപ്പ് ഉയർന്നു.

Advertisement
Advertisement