കോട്ടയംകാരുടെ എം.പി.ജി .

Thursday 14 April 2022 12:00 AM IST

കോട്ടയം. മദ്ധ്യകേരളത്തിൽ കോട്ടയം കേന്ദ്രമാക്കി ഒരു മെഡിക്കൽ കോളേജ് എന്ന ആശയത്തിന് ജീവൻ വച്ചത് ആർ.ശങ്കർ മന്ത്രിസഭയിൽ അഡ്വ.എം.പി.ഗോവിന്ദൻ നായർ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ്. സുഹൃത്തും ഏറ്റുമാനൂർ എം.എൽ.എയുമായ ജോർജ് ജോസഫ് പൊടിപാറ ആവശ്യമായ സ്ഥലം ആർപ്പുക്കരയിൽ ലഭ്യമാക്കിയതോടെ തുടക്കമിട്ട മെഡിക്കൽ കോളേജ് ഇന്ന് മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിൽ എത്തിയെങ്കിൽ അതിനുപിന്നിൽ ആറ് പതിറ്റാണ്ടിന് മുമ്പ് ഇരുവരും പുലർത്തിയ ദീർഘവീക്ഷണമാണ് . കോൺഗ്രസിലെ ഒരു വിഭാഗം ആർ.ശങ്കറിനെതിരെ തിരിഞ്ഞ് മന്ത്രിസഭ നിലം പൊത്തിയതിനാൽ രണ്ടര വർഷം മാത്രമേ മന്ത്രിയായിരുന്നുള്ളൂവെങ്കിലും കോട്ടയം മെഡിക്കൽ കോളേജിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ജാതി മത രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു ഗോവിന്ദൻ നായർ. എല്ലാവരും ബഹുമാനത്തോടെ എം.പി.ജി സാർ എന്നു വിശേഷിപ്പിരുന്ന അദ്ദേഹം കോട്ടയത്തെ നിറസാന്നിദ്ധ്യമായിരുന്നു. കേരളകൗമുദിയുടെ ഉറ്റമിത്രമായിരുന്ന അദ്ദേഹം പത്രാധിപർ കെ.സുകുമാരനുമായി ആത്മബന്ധം പുലർത്തിയിരുന്നു. പിൽക്കാലത്ത് നിരവധി തവണ കോട്ടയത്ത് പത്രാധിപർ അനുസ്മരണ ചടങ്ങിന് എത്തിയിട്ടുണ്ട്. കോട്ടയം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി, എ.ഐ.സി.സി അംഗം, എൻ.എസ്.എസ് പ്രതിനിധിസഭാംഗം, ഡയറക്ടർ ബോർഡ് അംഗം , ആതുര സേവാ സംഘം പ്രസിഡന്റ് , അർബൻ ബാങ്ക് ഭരണ സമിതി അംഗം തുടങ്ങി വിവിധ തലങ്ങളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചുവെങ്കിലും പേരുദോഷം വരുത്താതെ അഴിമതിരഹിതപരിവേഷം നിലനിറുത്തി. കോട്ടയം ഡി.സി.സി പ്രസിഡന്റ് സ്ഥാനം ക്രൈസ്തവർക്ക് മാത്രം അർഹതപ്പെട്ടതെന്ന പരിഹാസത്തിന് മാറ്റം വന്നത് ഗോവിന്ദൻ നായർ പ്രസിഡന്റായതോടെയാണ്. അഭിഭാഷകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്താണ് തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കേരളീയ വാസ്തുശിൽപ്പ മാതൃകയിൽ പവലിയൻ തീർത്തത്. ഹിന്ദു സേവാ സമിതി പ്രസിഡന്റായിരുന്നപ്പോൾ തെക്കുംഗോപുരത്ത് കാർത്തിക ഓഡിറ്റോറിയം നിർമിച്ചു. ആതുര സേവാസംഘം പ്രസിഡന്റായിരുന്നപ്പോൾ വനിതാ ഹോസ്റ്റൽ അടക്കം നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി.

Advertisement
Advertisement