ഇടതുപക്ഷത്തിന് സംഘടനാ ദൗർബല്യം: ജനകീയസമരങ്ങൾ രാഷ്ട്രീയവത്കരിക്കപ്പെടണം: പി.സന്തോഷ് കുമാർ

Wednesday 13 April 2022 10:56 PM IST
കണ്ണൂർ പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ അഡ്വ.പി.സന്തോഷ് കുമാർ സംസാരിക്കുന്നു

കണ്ണൂർ: കർഷകപ്രക്ഷോഭം നടന്ന സംസ്ഥാനങ്ങളിൽ പോലും ഇടതുപക്ഷത്തിന് മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തത് ഇത്തരം ജനകീയ സമരങ്ങൾ രാഷ്ട്രീയവത്കരിക്കപ്പെടാതെ പോകുന്നതു കൊണ്ടാണെന്ന് രാജ്യസഭാ അംഗം അഡ്വ.പി.സന്തോഷ് കുമാർ . കണ്ണൂർ പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതുപക്ഷത്തിന് അടിത്തട്ടിൽ സംഘടനാപരമായ ദൗർബല്യം ഉണ്ട് .എന്നാൽ ആശയപരമായ പരാജയം ഇല്ല . ഒത്തുപിടിച്ചാൽ ബി.ജെ.പി ഭരണം ഇല്ലാതാക്കാൻ കഴിയുമെന്ന പ്രതീക്ഷയും മുഖാമുഖത്തിൽ അദ്ദേഹം പങ്കുവച്ചു.

പരാജയങ്ങളിൽ നിന്നും കോൺഗ്രസ് ആത്മപരിശോധന നടത്തുന്നില്ല.ഒരു സെമിനാറിൽ പോലും പങ്കെടുക്കാൻ താല്പര്യം ഇല്ലാത്തവരായി കോൺഗ്രസ് മാറി.ഫലത്തിൽ ചിലയിടങ്ങളിൽ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. കോൺഗ്രസുമായുള്ള ബന്ധം തീരുമാനിക്കേണ്ടത് പാർട്ടി കോൺഗ്രസുകളാണ്. സി.പി.എം പാർട്ടി കോൺഗ്രസ് കഴിഞ്ഞു. അതിൽ അവർ നയം വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

ബി.ജെ.പി ഭരണത്തിൽ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയില്ലെന്ന് ഉറപ്പാണ്.

ബി.ജെ.പിക്കെതിരെ ജനാധിപത്യ പ്രസ്ഥാനങ്ങൾ ഒന്നിക്കണം.ബി.ജെ.പിക്കെതിരെ അയഞ്ഞ നയങ്ങൾ സ്വീകരിക്കാൻ മാത്രമേ കോൺഗ്രസിന് കഴിയുന്നുള്ളു. ഭൂരിപക്ഷം ജനാധിപത്യത്തിൽ അവസാനവാക്ക് അല്ല എന്നോർക്കണമെന്നും സന്തോഷ് കുമാർ പറഞ്ഞു.

ദുർബല വിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടും
സാഹചര്യങ്ങളും ഭൂരിപക്ഷവും മാറാം.നിലവിൽ ലോക്‌സഭ ,രാജ്യസഭകളിലായി ഇടതുപക്ഷത്തിന് 12 എം.പിമാർ മാത്രമേയുള്ളുവെന്നത് സത്യമാണ്. എന്നാൽ ഇടതുപക്ഷത്തിന് ഇന്ത്യൻ ജനതയിൽ നല്ല സ്വാധീനമുണ്ട്. ജില്ലയിലെ ദുർബല ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് എം.പി. എന്ന നിലയിൽ ആദ്യം ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അസി. സെക്രട്ടറിമാരായ സി.പി. സന്തോഷ് കുമാർ, എ. പ്രദീപ് എന്നിവരും സംബന്ധിച്ചു. പ്രസ് ക്ളബ് പ്രസിഡന്റ് എ.കെ. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സബിന പത്മൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement