ധനകാര്യ സ്ഥാപനം പൂട്ടി ആറു കോടിയുമായി ഉടമ മുങ്ങി

Wednesday 13 April 2022 11:18 PM IST

കാസർകോട്: നഗരത്തിൽ പ്രവർത്തിച്ചുവന്ന സ്വകാര്യ ധനകാര്യ സ്ഥാപനം പൂട്ടി ഇടപാടുകാരുടെ കോടിക്കണക്കിന് രൂപയുമായി ഉടമ മുങ്ങിയതായി പരാതി.

മൂന്നുമാസം മുമ്പ് പ്രവർത്തനമാരംഭിച്ച ധനകാര്യ സ്ഥാപനം രണ്ടാഴ്ചയായി അടഞ്ഞുകിടക്കുകയാണ്. നിരവധി പേർ ഈ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നു. സ്ഥാപനം അടച്ചിട്ടതോടെ ഇടപാടുകാർ കടുത്ത ആശങ്കയിലാണ്. ഇതിനിടെ രാത്രിയിൽ ചിലർ ഈ സ്ഥാപനത്തിൽ നിന്ന് സാധനങ്ങൾ കടത്തിക്കൊണ്ടുപോയിരുന്നു. സ്ഥാപനം പൂട്ടിയ വിവരമറിഞ്ഞ് ഇന്നലെ രാവിലെ മുതൽ നിരവധി പേർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

സ്ഥാപന ഉടമയെ കാണില്ലെന്ന് കാണിച്ച് ഭാര്യ ഈയിടെ കാസർകോട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് മാൻ മിസിംഗിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഉടമ കോടിക്കണക്കിന് രൂപയുമായി മുങ്ങിയതാണെന്ന് വ്യക്തമായതോടെ പണം നഷ്ടമായവർ പൊലീസിൽ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്. നിക്ഷേപമായി കിട്ടിയ ആറു കോടിയിൽപരം രൂപ ഉടമ കൈക്കലാക്കിയാണ് മുങ്ങിയതെന്ന് പറയുന്നു. പഴയ ബസ് സ്റ്റാൻഡിലെ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പൂട്ടിയത്. അതേസമയം, ഇത് സംബന്ധിച്ചു കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാസർകോട് ടൗൺ പൊലീസ് പറഞ്ഞു.

Advertisement
Advertisement