വിശദീകരണങ്ങളിലും അടങ്ങാതെ മിശ്രവിവാഹ വിവാദം

Thursday 14 April 2022 12:34 AM IST

കോഴിക്കോട്: വിശദീകരണങ്ങൾ പലവഴിക്കു വന്നിട്ടും വിവാദം കെട്ടടങ്ങാതെ കോടഞ്ചേരിയിലെ മിശ്രവിവാഹം. ഡി.വൈ.എഫ്.ഐ നേതാവ് ഷെജിൻ- ജോയ്സ്ന ഒളിച്ചോട്ട വിവാഹം കേവലമൊരു മിശ്രവിവാഹത്തിൽ ഒതുങ്ങുമായിരുന്നു. എന്നാൽ മുൻ എം.എൽ.എ ജോർജ് എം തോമസിന്റെ ലൗ ജിഹാദ് പ്രയോഗമാണ് വിവാദത്തിന് തിരി കൊളുത്തിയത്.

കാര്യങ്ങൾ കൈവിട്ടതോടെ, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണെന്നാണ് പറഞ്ഞതെന്ന് ജോർജ് എം. തോമസ് തിരുത്തിയെങ്കിലും വിവാദം അവസാനിച്ചില്ല.മകളെ കെണിയിൽപ്പെടുത്തിയതാണെന്നാണ് ജോയ്സ്നയുടെ പിതാവ് ജോസഫിന്റെ ആക്ഷേപം. ഇങ്ങനെയൊരു ബന്ധമുണ്ടെങ്കിൽ അവൾക്ക് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ട്. മകളുടെ സമ്മതത്തോടെയാണ് മറ്റൊരു വിവാഹം ഉറപ്പിച്ചത്. ആ സമയത്ത് പോലും മകൾ ഒന്നും പറഞ്ഞില്ല. സ്വന്തം ഇഷ്ടത്തിന് പോയതാണെന്ന് മകളെകൊണ്ട് പറയിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിക്കുന്നു.

അതിനിടെ ജോർജ് എം തോമസിനെതിരെ ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു. കേരളത്തിലെ കോളേജ് വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ച് ഐസിസിലേക്കടക്കം റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ടെന്നും ,ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളാണെന്നുമുള്ള പരാമർശത്തിനെതിരെയാണ് നോട്ടീസ്. വ്യത്യസ്ത മതസമൂഹങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷവും ആശയ സംവാദങ്ങളും നിലനിർത്തും വിധമുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയെ ലൗ ജിഹാദുപോലുളള വംശീയ വിദ്വേഷ പ്രയോഗങ്ങളിലേക്ക് ചേർത്തുവയ്ക്കുന്നത് ബോധപൂർവമാണെന്നും നോട്ടീസിൽ പറയുന്നു.

Advertisement
Advertisement