മൂന്നുവയസുകാരനെ ഷാളുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ റിമാൻഡിൽ

Wednesday 13 April 2022 11:37 PM IST

എലപ്പുള്ളി: ചുട്ടിപ്പാറയിൽ മൂന്നു വയസുകാരനെ അമ്മ ആസിയ കൊലപ്പെടുത്തിയത് ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് പൊലീസ്. സമൂഹമാദ്ധ്യമം വഴി അടുപ്പത്തിലായ യുവാവിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. രാവിലെ തെളിവെടുപ്പു നടപടികൾ പൂർത്തിയാക്കിയ ശേഷം മണ്ണുക്കാട് ചുട്ടിപ്പാറ സ്വദേശി ആസിയയെ (23) കോടതി റിമാൻഡ് ചെയ്തു.

സംഭവത്തിൽ കാമുകനോ മറ്റു ബന്ധുക്കൾക്കോ പങ്കില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തത് ആസിയ ഒറ്റക്കാണെന്നും കസബ ഇൻസ്‌പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മണിയേരി മുഹമ്മദ് ഷമീറിന്റെയും ചുട്ടിപ്പാറ ആസിയയുടെയും മകൻ മുഹമ്മദ് ഷാൻ കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിൽ ആസിയ ചുരുദാറിന്റെ ഷാൾ ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കുട്ടി എഴുന്നേൽക്കുന്നില്ലെന്നു പറഞ്ഞു നിലവിളിച്ചുക്കൊണ്ട് ആസിയ മുറിക്കു പുറത്തേക്കോടിയെത്തി. ഇതോടെ ഓടികൂടിയ ബന്ധുക്കളും നാട്ടുകാരും ചേർന്നു കുട്ടിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

കേൾവി തകരാറും സംസാര വൈകല്യവുമുള്ള ഭർത്താവിൽ നിന്ന് ഒരു വർഷത്തോളമായി അകന്നാണ് ആസിയ കഴിഞ്ഞിരുന്നത്. വിവാഹ സമയത്ത് ഭർത്താവിന്റെ കുറവുകൾ അംഗീകരിച്ച ആസിയ കുഞ്ഞ് ജനിച്ചശേഷം ഭർത്താവുമായി അകന്നു. സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു. ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും കേസെടുക്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

ആസിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ബന്ധുക്കൾ പരാതി നൽകി. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും ഇതിലുണ്ടായ രക്തക്കറയും തെളിവെടുപ്പിനെത്തിപ്പോൾ പൊലീസ് കണ്ടെത്തി. ഡിവൈ.എസ്.പി പി.സി.ഹരിദാസൻ, ഇൻസ്‌പെക്ടർ എസ്എ.സ്.രാജീവ്, എസ്.ഐ എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചത്.

Advertisement
Advertisement