ബോയിംഗ് 737 മാക്സ്: കടുത്ത നടപടിയുമായി വ്യോമയാന മന്ത്രാലയം

Friday 15 April 2022 12:53 AM IST

ന്യൂഡൽഹി: ഇന്തോനേഷ്യയിലും എത്യോപ്യയിലുമുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സ്‌പൈസ് ജെറ്റിന്റെ 90 പൈലറ്റുമാരെ സിവിൽ വ്യോമയാന മന്ത്രാലയം വിലക്കിയത്. ഈ വിമാനങ്ങൾ പറത്താൻ ഡൽഹിക്ക് സമീപം നോയിഡയിൽ ബോയിംഗ് സ്ഥാപിച്ച പരിശീലന കേന്ദ്രത്തിൽ പിഴവു കണ്ടെത്തിയിരുന്നു. ഇവർ വീണ്ടും പരിശീലനം നേടണം.

അതേസമയം ആവശ്യത്തിന് പൈലറ്റുമാർ ലഭ്യമായതിനാൽ ബോയിംഗ് 737 മാക്സ് വിമാനങ്ങൾ ഉപയോഗിച്ചുള്ള സർവീസ് തടസപ്പെടില്ലെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു.

ഇന്തോനേഷ്യ, എത്യോപ്യ അപകടങ്ങളെ തുടർന്ന് ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ രണ്ടുവർഷത്തോളം നീണ്ട വിലക്ക് 2021 ആഗസ്റ്റിലാണ് പിൻവലിച്ചത്. ഇന്ത്യയിൽ സ്പൈസ് ജെറ്റ് മാത്രമെ ഈ വിമാനം ഉപയോഗിക്കുന്നുള്ളൂ. തങ്ങളുടെ 11 ബോയിംഗ് 737 മാക്സ് വിമാനങ്ങൾ പറത്താൻ കൂടുതൽ പൈലറ്റുമാർ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. വിലക്ക് ലഭിച്ച 90 പൈലറ്റുമാർക്ക് മറ്റു വിമാനങ്ങൾ പറത്താൻ തടസമില്ല.

അതേസമയം നോയിഡയിലെ പരിശീലന കേന്ദ്രത്തിലെ സിമുലേറ്റർ സംവിധാനത്തിൽ കണ്ടെത്തിയ പിഴവ് ഉടൻ പരിഹരിക്കുമെന്ന് ബോയിംഗ് കമ്പനി അറിയിച്ചു.

Advertisement
Advertisement