മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആർ.ഒ പ്ളാന്റുകൾ

Friday 15 April 2022 12:56 AM IST

ആലപ്പുഴ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിയില്ലാതെ കുഴൽക്കിണർ സ്ഥാപിച്ച് കുടിവെള്ള വില്പന നടത്തുന്ന ആർ.ഒ പ്ളാന്റുകളുടെ പ്രവർത്തനം ജില്ലയിൽ വ്യാപകമായി. ഇവരിൽ പലർക്കും രാഷ്ട്രീയ പിന്തുണയുള്ളതിനാൽ ഭക്ഷ്യസുരക്ഷാ വിഭാഗം, ആരോഗ്യ വകുപ്പ്, വാട്ടർ അതോറിട്ടി, നഗരസഭ, പഞ്ചായത്ത് ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിക്കുകയാണ്. 500ൽ അധികം ആർ.ഒ പ്ളാന്റുകൾ അനുമതിയില്ലാതെ ജില്ലയിൽ പ്രവർത്തിക്കുന്നതായാണ് കണക്ക്.

100ൽ അധികം ആർ.ഒ പ്ളാന്റുകൾ ആലപ്പുഴ നഗരസഭ പരിധിയിലാണ്. ഭൂഗർഭ ജലവിഭവ വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ മറികടന്ന് കുഴൽക്കിണർ സ്ഥാപിച്ചിട്ടുള്ള ആർ.ഒ പ്ളാന്റുകൾക്ക് അനുമതി നൽകില്ലെന്ന നിലപാടിലാണ് പ്രാദേശിക ഭരണകൂടം. ഇത്തരം കുഴൽക്കിണറുകൾ വേണ്ടത്ര താഴ്ച ഇല്ലാതെയാണ് സ്ഥാപിച്ചിട്ടുള്ളത്. ആറുമുതൽ എട്ടുവരെ മീറ്റർ താഴ്ചയിൽ കുഴൽക്കിണർ സ്ഥാപിക്കുന്നതിനാൽ ജലജന്യ രോഗങ്ങൾ പകർത്തുന്ന ബാക്ടീരയുടെ അളവ് കൂടുതലാകാൻ സാദ്ധ്യതയുണ്ട്. ഉപയോഗിക്കാവുന്ന വെള്ളമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെയാണ് പല ആർ.ഒ പ്ളാന്റുകളിലും വെള്ളം വിതണം ചെയ്യുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന ആർ.ഒ പ്ളാന്റുകൾ പൂട്ടി പിഴചുമത്താനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ന്ഥാപനങ്ങൾക്കുണ്ട്.

കിണറിനുള്ള അനുമതി

കുഴൽക്കിണർ സ്ഥാപിക്കാൻ ഭൂഗർഭ ജലവിഭവ വകുപ്പിന്റെ അനുമതി വേണം. നിശ്ചിത തുക ഫീസ് അടച്ച് അപേക്ഷ നൽകണം. ഏറെ വെള്ളം ലഭിക്കാനിടയുള്ള സ്ഥലം കണ്ടെത്താനും ഗുണനിലവാരം അളക്കാനുമായി ഹൈഡ്രോ ജിയോളജിസ്റ്റിനെ ചുമതലപ്പെടുത്തും. പരിശോധനാഫലം വിലയിരുത്തിയ ശേഷം കുഴൽക്കിണർ ആഴത്തിൽ നിർമ്മിച്ച് അനുമതിക്കത്ത് തദ്ദേശ സ്ഥാപനത്തിന് നൽകും. കുട്ടനാട്ടിലെ തെക്കു കിഴക്കൻ മേഖലയിൽ മിനിമം 180 മീറ്റർ താഴ്ചയിൽ കുഴൽക്കിണർ സ്ഥാപിച്ചാൽ മാത്രമേ കുടിവെള്ളം ലഭിക്കൂ. തീരമേഖലയിൽ 9 മുതൽ 20 മീറ്റർ വരെ താഴ്ചയിൽ കിണർ സ്ഥാപിച്ചാലേ ഉപയോഗ യോഗ്യമായ വെള്ളം കിട്ടുകയുള്ളൂ.

ലൈസൻസ് ലഭിക്കാൻ

1. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്

2. ഭക്ഷസുരഷാ വകുപ്പിന്റെ അനുമതി പത്രം

3. ഭൂഗർഭ ജലവിഭവ വകുപ്പിന്റെ എൻ.ഒ.സി

4. ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ്

5. യന്ത്രത്തിന്റെ കപ്പാസിറ്റി അനുസരിച്ച് വൈദ്യുതി കണക്ഷൻ

6. ആരോഗ്യ വകുപ്പിന്റെ എൻ.ഒ.സി

പ്രവർത്തന മാനദണ്ഡം

 വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഫിൽട്ടർ സംവിധാനം

 അണുമുക്തമാക്കാൻ പ്രകാശരശ്മികൾ കടത്തിവിടാനുള്ള സംവിധാനം

 ടാങ്കും വിതരണ സ്ഥലവും ശുദ്ധമാകണം

 ആറ് മാസത്തിൽ ഒരിക്കൽ ഗുണനിലവാര പരിശോധന

 പി.എച്ച് വാല്യു : 6.5മുതൽ 8.5വരെ

"സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് സ്വകാര്യ ആർ.ഒ പ്ളാന്റുകളുടെ പ്രവർത്തനത്തിന് അനുമതി നൽകുന്നത്. ഇവർ സ്ഥാപിക്കുന്ന കുഴൽക്കിണറുകളിലെ വെള്ളം പരിശോധിച്ച് ജല അതോറിട്ടിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം റിപ്പോർട്ട് നൽകും.

- എക്സിക്യൂട്ടീവ് എൻജിനീയർ, ജലഅതോറിട്ടി, ആലപ്പുഴ

"

Advertisement
Advertisement