നാലു ദിവസം പിന്നിട്ട് ബസ് സമരം; വിഷുത്തലേന്നും വലഞ്ഞ് ജനം

Friday 15 April 2022 12:37 AM IST

തൃശൂർ: തൃശൂർ പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം നാലു ദിവസം പിന്നിട്ടിട്ടും പരിഹരിക്കാൻ നടപടികളായില്ല. വിഷുത്തലേന്നായ ഇന്നലെയും യാത്രക്കാർ വലഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകളിൽ വൻ തിരക്ക്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ ആലോചന.

വടക്കഞ്ചേരി പന്നിയങ്കര ടോളിൽ അന്യായമായ നിരക്ക് ഈടാക്കുന്നതിനെതിരെയായിരുന്നു സമരം. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചർച്ച നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ബസുടമകളുടെ സമരത്തിൽ ജനപ്രതിനിധികൾ പ്രസംഗിക്കുന്നതല്ലാതെ പ്രശ്‌നത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. ഇതോടെ പെരുവഴിയിലായത് യാത്രക്കാരാണ്. ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുമായി സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പാലക്കാട്ടു നിന്നും തൃശൂരിൽ വന്നു പോകുന്നവരാണ്. കെ.എസ്.ആർ.ടി.സി അധിക സർവീസ് തുടങ്ങിയിട്ടുമില്ല. രാവിലെയും വൈകിട്ടും വൻ തിരക്കുണ്ട്. തൃശൂർ പാലക്കാട് റൂട്ടിലും തൃശൂരിൽ നിന്നും പാലക്കാട്, കൊഴിഞ്ഞാമ്പാറ, ഗോവിന്ദാപുരം റൂട്ടിലും സർവീസ് നടത്തുന്ന 140 ബസുകളാണ് ഓടാത്തത്. അമിതമായ ടോൾ നിരക്കിൽ പ്രതിഷേധിച്ച് ലോറികളും ടിപ്പറും ഓടുന്നില്ല.

രണ്ട് ജില്ലകളിലും സർവീസ് നിറുത്തിയേക്കും

പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ തൃശൂർ, പാലക്കാട് ജില്ലകളിലെ മുഴുവൻ സ്വകാര്യ ബസും ഓട്ടോയും ലോറികളും സർവീസ് നിറുത്താൻ ആലോചിക്കുന്നതായി സംയുക്ത ബസുടമാ ഭാരവാഹികൾ അറിയിച്ചു. ടോൾ നിരക്ക് കുറയ്ക്കാതെ സർവീസ് പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് അവർ. വർദ്ധിച്ച ടോൾ നൽകി ബസ് സർവീസ് നടത്താനാവില്ല. കൊടുത്തു തുടങ്ങിയാൽ കുറയ്ക്കാനും കഴിയില്ല. വരാനിരിക്കുന്ന ടോളുകളിലും ഉയർന്ന ടോൾ നൽകേണ്ടി വരുമെന്നും അവർ പറയുന്നു.

Advertisement
Advertisement