വേനൽ മഴയ്ക്കൊപ്പം പരക്കെ വൈറൽ പനി

Sunday 17 April 2022 12:53 AM IST

കോട്ടയം. വേനൽമഴ കനത്തതോടെ വൈറൽപനി വ്യാപകമാകന്നു. വെയിലും മഴയും മാറിമാറിയുള്ള കാലാവസ്ഥ മൂലം പനിയും നിറുത്താതെയുള്ള ചുമയുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടി.

കൂടുതലും കുട്ടികളെയാണ് പനിയും ചുമയും ബാധിച്ചിട്ടുള്ളത്.ന്യൂമോണിയയിലും ബ്രോങ്കറ്റൈസിലും എത്തുന്ന ഈ പനിയും ചുമയും ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരികളാണ് . സ്കൂളുകൾ അടച്ചതോടെ മഴയത്തും വെയിലത്തും കളിക്കുന്നതിന് കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നതാണ് പനിക്കു കാരണം. ഒത്തുചേർന്നുള്ള കളി കാരണം പനി പടരുന്നു. അവധിക്കാല ക്ലാസുകളും പനി പടർത്താൻ കാരണമാകുന്നു. കൊവിഡ് നിയന്ത്രണം ഒഴിവാക്കിയതിന്റെ ഭാഗമായി മാസ്ക്ക് നിർബന്ധമല്ലാതായതാണ് മറ്റൊരു കാരണം.

പനി, ചുമ ബാധിതരുടെ എണ്ണം കൂടിയത് സ്വകാര്യ ആശുപത്രികൾക്കു നേട്ടമായി. ഡോക്ടറെ കണ്ട് ഒരു തവണ ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ മരുന്നു വാങ്ങുന്നതിന് സ്വകാര്യ ആശുപത്രി നിലവാരമനുസരിച്ച് കുറഞ്ഞത് 1000 രൂപയാകുമെന്നതിനാൽ പനിയും ചുമയും സാധാരണക്കാരുടെ വയറ്റത്തടിക്കുകയാണ്. പാരസെറ്റമോൾ അടക്കം ഇംഗ്ലീഷ് മരുന്നുകൾക്ക് വില കൂടിയതിനൊപ്പം ആശുപത്രികളിലും നിരക്ക് കൂടി. പനിയും ചുമയുമായി ചെന്നാൽ നെഞ്ചിന്റെ എക്സറേയും സ്കാനിംഗും അടക്കം പരിശോധനകൾ കൂടി മിക്ക സ്വകാര്യ ആശുപത്രികളിലെയും ഡോക്ടർമാർ നിർദ്ദേശിക്കും. ഇതും ചെലവുകൂട്ടും. കിടത്തി ചികിത്സ കൂടി ആയാൽ കുത്തുപാളയെടുക്കേണ്ട സ്ഥിതിയാവും.

വൈറൽ പനി ഒരാഴ്ച വരെ. ​ചുമ നീളാം.

വൈറൽ പനി കൂടുതലും കുട്ടികളിലാണ് കണ്ടുവരുന്നത്. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വായുവിലൂടെ പകരുന്ന വൈറൽ പനി വിവിധ വൈറസുകൾ കാരണമാണ് ഉണ്ടാകുന്നത്. സാധാരണഗതിയിൽ അപകടകരമല്ലാത്ത വൈറൽ പനി ഏഴുദിവസം നീണ്ടുനിൽക്കാം.

ശ്വാസകോശങ്ങളിൽ നിന്ന് ദോഷകരമായ വസ്തുക്കളെ പുറന്തള്ളാൻ ശരീരം നടത്തുന്ന സ്വാഭാവിക പ്രതികരണമാണ് ചുമ. ഈ വസ്തുക്കൾ സാധാരണ പൊടി, വൈറസ്, ബാക്ടീരിയ, കഫം എന്നിവയാകാം. ശക്തമായ ചുമ അനുഭവപ്പെടുകയാണെങ്കിൽ ശ്വാസകോശങ്ങളിൽ എന്തോ പ്രശ്നമുണ്ടെന്ന് മനസിലാക്കാം. മിക്ക കഫ് സിറപ്പുകളിലും ശ്വാസകോശപ്രശ്നത്തെ മറച്ചുവച്ച് താത്ക്കാലിക ആശ്വാസം നല്‍‌കാൻ കഴിയുന്ന ഉപദ്രവകാരികളായ ഉത്തേജകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ തുടർച്ചയായി ചുമ ഉണ്ടെങ്കിൽ ഡോക്ടറെ കാണുകയാണ് വേണ്ടത്.

പീഡിയാട്രിഷൻ ഡോ.പ്രീതി പറയുന്നു.

പനിയും ചുമയുമായെത്തുന്ന കുട്ടികളുടെ എണ്ണം കൂടി. ഡേ കെയറും അങ്കണവാടികളും മറ്റ് അവധിക്കാല ക്ലാസുകളും പ്രവർത്തിക്കുന്നിടത്ത് ഒരാൾക്ക് രോഗം വന്നാൽ പടരുന്ന സാഹചര്യവുമുണ്ട്.

Advertisement
Advertisement