മഞ്ജു വാര്യർ തിരുവനന്തപുരത്ത്

Sunday 17 April 2022 7:05 AM IST

വേണു സംവിധാനം ചെയ്യുന്ന കാപ്പ മേയ് 20ന് ആരംഭിക്കും

കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജ് , ആസിഫ് അലി , അന്നബെൻ എന്നിവരും

തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാമിന്റെ ആദ്യ നിർമ്മാണ സംരംഭം

പൃഥ്വിരാജ് ,ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരെ കേന്ദ്രകഥപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന കാപ്പ മേയ് 20ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഉദാഹരണം സുജാത, ചതുർമുഖം, മേരീ ആവാസ് സുനോ എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയ്ക്ക് തിരുവനന്തപുരം ലൊക്കേഷൻ ആവുകയാണ്. പൂർണമായും തിരുവനന്തപുരത്താണ് കാപ്പയുടെ ചിത്രീകരണം. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി. ആർ. ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും.

കൊട്ട മധു എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിയേറ്റർ ഒഫ് ഡ്രീസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് കാപ്പ നിർമ്മിക്കുന്നത്. ഇവരുടെ ആദ്യസംരംഭമാണ് . ഇന്ദ്രൻസ് നന്ദു തുടങ്ങി അറുപതിലധികം നടീനടൻമാർ കാപ്പയിൽ അണിനിരക്കുന്നുണ്ട്. ബ്ളസിയുടെ ആടുജീവിതം പൂർത്തിയാക്കി ജൂൺ ആദ്യം അൾജീരിയിൽ നിന്ന് മടങ്ങിയെത്തുന്ന പൃഥ്വിരാജ് തുടർന്ന് കാപ്പയിൽ ജോയിൻ ചെയ്യും. അതേസമയം ആണും പെണ്ണും എന്ന ആന്തോളജിയിൽ പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാച്ചിയമ്മ ആണ് വേണു ഏറ്റവും അവസാനം സംവിധാനം ചെയ്ത ചിത്രം. പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.പാർവതിക്കൊപ്പം ആസിഫ് അലിയും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

Advertisement
Advertisement