ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒകിനാവ ഓട്ടോടെക്

Sunday 17 April 2022 12:34 AM IST

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒകിനാവ ഓട്ടോടെക്. തങ്ങളുടെ മോഡലായ പ്രൈസ് പ്രോ സ്‌കൂട്ടറിന്റെ 3,215 യൂണിറ്റുകളാണ് ഒകിനാവ ഓട്ടോടെക് തിരിച്ചുവിളിച്ചത്. ബാറ്ററികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ചതെന്ന് നിർമാതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. തിരിച്ചുവിളിച്ച സ്‌കൂട്ടറുകളുടെ കണക്ടറുകൾ അയഞ്ഞിട്ടോയെന്നും മറ്റ് കേടുപാടുകൾ ഉണ്ടോയെന്നും പരിശോധിക്കുകയും ഇന്ത്യയിലെ ഏതെങ്കിലും ഒകിനാവ അംഗീകൃത ഡീലർഷിപ്പുകളിൽ സൗജന്യമായി ഇവ നന്നാക്കുകയും ചെയ്യും.

ഒന്നിലധികം ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിച്ചതിന് പിന്നാലെയാണ് നിർമാതാക്കളുടെ ഈ നീക്കം. ഈ ആഴ്ചയിലെ തിരുപ്പൂരിലെ തീപിടിത്തമുൾപ്പെടെ മൂന്ന് ഒകിനാവ മോഡലുകൾക്കാണ് തീപിടിച്ചത്. കഴിഞ്ഞ മാസം ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ച് പിതാവും 13 വയസുള്ള മകളും മരിച്ചിരുന്നു. തുടർന്ന് നീതീ ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ഇ.വി നിർമ്മാതാക്കളോട് തീപിടുത്തത്തിൽ ഉൾപ്പെട്ട ഇ.വി ബാച്ചുകൾ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, നാസിക് ആസ്ഥാനമായുള്ള ജിതേന്ദ്ര ഇ.വി ടെക്കിന്റെ 20 ഇലക്ട്രിക് സ്‌കൂട്ടറുകൾ ട്രാൻസ്‌പോർട്ട് കണ്ടെയ്‌നറിൽ കയറ്റിയ ശേഷം തീപിടിച്ച് നശിച്ചിരുന്നു.

Advertisement
Advertisement