ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി യുവാവിനെതിരെ വീണ്ടും കേസ്

Sunday 17 April 2022 2:04 AM IST

തിരുവനന്തപുരം:വീട്ടിലെ മതിൽക്കെട്ടിനുള്ളിൽ ചെടിച്ചട്ടികളിൽ കഞ്ചാവ് കൃഷി നടത്തിവന്ന നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയ്ക്കെതിരെ എക്സൈസ് കേസെടുത്തു.വെള്ളനാട് വാളിയറ ശ്രീവിലാസം വീട്ടിൽ താമസിക്കുന്ന കേശുവെന്ന വൈഷ്ണവിനെതിരെയാണ് (23) എക്സൈസ് കേസെടുത്തത്.മയക്കുമരുന്ന് ഇടപാടുകളിലും കേസുകളിലും വൈഷ്ണവ് ഉൾപ്പെട്ടതോടെ വൈഷ്ണവിന്റെ അമ്മയും സഹോദരനും മറ്റൊരുവീട്ടിലാണ് താമസിക്കുന്നത്.സ്ഥിരം കേസുകളിൽ പ്രതിയായതിനാൽ എക്സൈസിന്റെ നിരീക്ഷണത്തിലുളളയാളാണ് വൈഷ്ണവ്.വൈഷ്ണവിനെ നിരീക്ഷിക്കാൻ കഴിഞ്ഞദിവസം എക്സൈസ് സംഘം വീട്ടിലെത്തുമ്പോഴാണ് ഇയാൾ ചെടിച്ചട്ടികളിൽ കഞ്ചാവ് തൈകൾ വളർത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചുറ്റുമതിലിനോട് ചേർന്ന് ചെടി ചട്ടിയിൽ 29 കഞ്ചാവ് ചെറു ചെടികളാണ് വൈഷ്ണവ് പരിപാലിച്ചുവന്നത്. സംഭവത്തിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത എക്സൈസ് കഞ്ചാവ് ചെടികൾ നശിപ്പിച്ചു.ആര്യനാട് എക്സൈസ് ഇൻസ്‌പെക്ടർ എസ്.ബി ആദർശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി. എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ എക്സൈസ് ഉദ്യോഗസ്ഥരായ സതീഷ്കുമാർ , ജയശങ്കർ, രജിത സൂരജ്, സുജിത് എന്നിവരും ഉൾപ്പെട്ടിരുന്നു

Advertisement
Advertisement