ഇന്ത്യ- റഷ്യ പ്രതിരോധ ഇടപാടുകൾ തടസമില്ലാതെ, പണമിടപാടിൽ അനിശ്‌ചിതത്വം

Sunday 17 April 2022 3:56 AM IST

ന്യൂഡൽഹി: യുക്രെയിൻ അധിനിവേശത്തിനിടയിലും കരാർ പ്രകാരം ഇന്ത്യയ്ക്ക് നൽകാനുള്ള ആയുധങ്ങളും പ്രതിരോധ ഘടകങ്ങളും റഷ്യമായി കൃത്യമായി കൈമാറുന്നു. ഇന്ത്യയിൽ ഇതിനകം വിന്യസിച്ചു കഴിഞ്ഞ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിനുള്ള പരിശീലന സാമഗ്രികളാണ് ഒടുവിൽ കൈമാറിയത്. എന്നാൽ സാമ്പത്തിക ഉപരോധമുള്ളതിനാൽ റഷ്യൻ ബാങ്കുകളുമായുള്ള പണമിടപാട് തടസപ്പെട്ടിരിക്കുകയാണ്. ബദൽ സംവിധാനത്തിനുള്ള വഴികൾ ആലോചിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

എസ് - 400 ട്രംഫ് വ്യോമപ്രതിരോധവുമായി ബന്ധപ്പെട്ട പരിശീലന സ്ക്വാഡ്രനുകൾക്കുള്ള സിമുലേറ്ററുകളും മറ്റ് പരിശീലന സാമഗ്രികളുമാണ് അടുത്തിടെ റഷ്യയിൽ നിന്നെത്തിയത്. ഇതിൽ മിസൈലുകളും അവയുടെ ലോഞ്ചറുകളും ഉൾപ്പെടുന്നില്ല. പാക്-ചൈനാ അതിർത്തിയിൽ വിന്ന്യസിച്ച എസ് -400 ട്രംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ മറ്റ് ഘടകങ്ങൾ നേരത്തെ എത്തിയിരുന്നു. ഇവ കൂടാതെ യുദ്ധ വിമാനങ്ങളുടെ എൻജിനും അനുബന്ധ ഘടകങ്ങളും മറ്റും കടൽമാർഗം എത്തി. ഇന്ത്യൻ സായുധ സേനകൾ ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത ജെറ്റ് യുദ്ധവിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, ഹെലികോപ്‌ടറുകൾ, യുദ്ധക്കപ്പലുകൾ, ടാങ്കുകൾ, സൈനിക വാഹനങ്ങൾ, മുങ്ങിക്കപ്പലുകൾ തുടങ്ങിയവയുടെ പല ഭാഗങ്ങളും സാങ്കേതിക വിദ്യാകൈമാറ്റത്തിലൂടെ ഇവിടെ നിർമ്മിക്കുന്നുണ്ട്. ചില ഭാഗങ്ങൾ റഷ്യയിൽ നിന്നാണ് വരുന്നത്.

Advertisement
Advertisement