ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ടും ഡോക്ടർമാരെ കാണാനില്ല

Monday 18 April 2022 1:25 AM IST

വെള്ളറട: മലയോരപഞ്ചായത്തായ അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുടപ്പനമൂട്ടിലെ നൂഹപ്പ മെമ്മോറിയൽ ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് നാളുകളായി എന്നിട്ടും പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുന്നില്ല. ഇവിടെ നാളിതുവരെയായി ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതാണ് ഇതിന് കാരണം. സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ഫണ്ടിൽ നിന്നും 29 ലക്ഷം രൂപ ചെലവഴിച്ചാണ് കുടപ്പനമൂട്ടിൽ സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് ആരോഗ്യ ഉപകേന്ദ്രം പണികഴിപ്പിച്ചത്. ആഴ്ചയിൽ രണ്ട് ദിവസം ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും ഇവിടെത്തന്നെ ആവസ്യമായ മരുന്നുകൾ വിതരണം ചെയ്യുമെന്നും അധികൃതർ ഉറപ്പ് നൽകിയെങ്കിലും നാളിതുവരെ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. കിലോമീറ്ററുകൾ താണ്ടി മായത്തെ സർക്കാർ ആശുപത്രിയിൽ ചെന്ന് ചികിത്സതേടേണ്ട അവസ്ഥയാണ് കുടപ്പനമൂട്ടുകാർക്ക് ഇപ്പോഴും. ഉപകേന്ദ്രങ്ങൾ വഴി ഗ്രാമീണ മേഖലയിൽ മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന് പണികഴിപ്പിച്ച കെട്ടിടത്തിൽ ഇപ്പോൾ ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത്. അടിയന്തരമായി ഈ ഉപകേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയും രോഗികൾക്ക് ആവശ്യമായ മരുന്നുകൾ ഇവിടെ തന്നെ നൽകിയാൽ പ്രാഥമിക ചികിത്സ തേടി കിലോമീറ്റുകൾ സഞ്ചരിക്കേണ്ട രോഗികൾക്ക് ഉപകേന്ദ്രം ഏറെ ഗുണകരമായി മാറുമായിരുന്നു.

ഉദ്ഘാടനം കഴിഞ്ഞതുമുതൽ ഇവിടുത്തുകാർ ഏറെ സന്തോഷിച്ചു. ഇനി മരുന്നുവാങ്ങാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് സമയം നഷ്ടപ്പെടുത്തി ക്യൂവിൽ കാത്തുനിൽക്കുന്നതിന് മോചനമാകുമെന്ന്. എന്നാൽ എല്ലാ ആധുനിക സംവിധാനങ്ങളോടുകൂടി മന്ദിരം പണികഴിപ്പിച്ചത് ഒഴിച്ചാൽ ഗ്രാമപഞ്ചായത്തോ ആരോഗ്യ വകുപ്പോ ഇവിടെ യാതൊരുവിധ പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടില്ല.

Advertisement
Advertisement