ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്ക്, ക്ഷേത്രനഗരിയിൽ ഗതാഗതക്കുരുക്കും

Monday 18 April 2022 12:39 AM IST
മമ്മിയൂര്‍ കൈരളി ജംങ്ഷനിലെ ഗതാഗത കുരുക്ക്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്ക്, ക്ഷേത്രനഗരിയിൽ ഗതാഗത കുരുക്കും. നാലു മണിക്കൂറിലേറെ നീണ്ടുനിന്ന ഗതാഗത കുരുക്കിനാണ് ഞായറാഴ്ച ക്ഷേത്ര നഗരി സാക്ഷ്യം വഹിച്ചത്. രാവിലെ എട്ടിന് തുടങ്ങിയ കുരുക്കിന് ഉച്ചയ്ക്ക് 12.30 ഓടെയാണ് പരിഹാരമായത്.

മേടമാസത്തിലെ ഏറെ മുഹൂർത്തമുള്ള ദിവസമായിരുന്നു ഞായറാഴ്ച. 153 വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്ര സന്നിധിയിൽ നടന്നത്. കൊവിഡ് കാലത്തിനുശേഷം ഏറ്റവും കൂടുതൽ വിവാഹത്തിരക്കുണ്ടായ ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. വിവാഹത്തിരക്കിന് പുറമെ ക്ഷേത്ര ദർശനത്തിനെത്തിയവരുടെ തിരക്കു കൂടെയായതോടെ ക്ഷേത്രനഗരി നിറഞ്ഞു കവിഞ്ഞു.

കൊഡ് നിയന്ത്രണങ്ങൾ മാറിയതോടെ പൊതുഅവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഗുരുവായൂരിലിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരിൽ വന്നുകൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് ആനുപാതികമായുള്ള പാർക്കിംഗ് സൗകര്യങ്ങളില്ലാത്തത് ഭക്തരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പാർക്കിംഗ് സ്ഥലങ്ങൾ നിറഞ്ഞാൽ വാഹനങ്ങൾ റോഡരികിൽ നിറുത്തുകയല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഞായറാഴ്ച രാവിലയോടെ തന്നെ പാർക്കിംഗ് ഗ്രൗണ്ടുകൾ നിറഞ്ഞതോടെ ഗുരുവായൂരിലേക്കുള്ള റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്തത് ഗതാഗതക്കുരുക്കിനിടയാക്കി.

മമ്മിയൂർ ക്ഷേത്രം കഴിഞ്ഞ് കുന്നംകുളം റോഡിലും പഞ്ചാരമുക്ക് റോഡിലും കാറുകൾ നിറുത്തിയത് വലിയ ഗതാഗതം തടസ്സമുണ്ടാക്കി. മമ്മിയൂർ - കുന്നംകുളം റോഡിൽ അരിക് കൊടുത്തുപോകാനുള്ള സൗകര്യം അടഞ്ഞതിനാൽ ഇവിടെ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ മമ്മിയൂർ കൈരളി ജംഗ്ഷനിലും വാഹനങ്ങൾ നിറഞ്ഞു. ടെമ്പിൾ സി.ഐ: പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

Advertisement
Advertisement