തെളിനീരൊഴുകുമോ നഗരത്തിൽ

Monday 18 April 2022 12:26 AM IST

ജലാശയങ്ങളുടെ ശുചീകരണത്തിനായി പൊടിച്ചത് കോടികൾ

 പുതിയ പ്ളാനുമായി നഗരസഭ

തിരുവനന്തപുരം: ജലാശയങ്ങളിൽ തെളിനീരൊഴുകാൻ സർക്കാർ പദ്ധതി തയ്യാറാക്കുമ്പോൾ നഗരത്തിൽ അത് നടപ്പിലാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ഭീമമായ തുക മുടക്കി നഗരത്തിലെ പ്രധാന ജലാശയങ്ങളെല്ലാം ശുദ്ധീകരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ട് അത് പകുതിവഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളും എല്ലാ പദ്ധതികളും ഏറ്റെടുത്ത് ചെയ്യുമ്പോൾ നഗരസഭ അത് പാതിവഴിയിൽ ഉപേക്ഷിക്കുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജലാശയങ്ങൾ ശുചീകരിക്കാത്തതാണ് നഗരത്തിൽ വെള്ളക്കെട്ടുണ്ടാകുന്നതിന്റെ പ്രധാന കാരണം. മാലിന്യവും മറ്റും കാരണം അടഞ്ഞ കൈവഴികൾ ജലാശയങ്ങളിൽ വെള്ളം പൊങ്ങാൻ കാരണമാകുന്നുണ്ട്. കൃത്യമായ ശുചീകരണം നടക്കാത്തതിനാൽ ചെറിയ മഴയിൽ തന്നെ നഗരം വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണ്. 'തുടർക്കഥയാകുന്ന വെള്ളക്കെട്ട് " എന്ന തലക്കട്ടിൽ ഏപ്രിൽ 10ന് നഗരത്തിലെ വെള്ളക്കെട്ട് ദുരിതത്തെ പറ്റി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

 കോടികൾ പൊടിക്കുന്ന പദ്ധതികൾ

നഗരത്തിലെ ജലാശങ്ങളും കായലുകളും ശുചീകരിക്കാൻ വർഷാവർഷം കോടികൾ പൊടിച്ചിട്ടും പൂർണമായി ശുചീകരിക്കാനോ അത് മലിനമാക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനോ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. മാലിന്യവാഹിനിയായി പാർവ്വതിപുത്തനാറും,​ കരമനയാറും,​ കിള്ളിയാറും മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ എട്ട് കോടി രൂപ മുടക്കി ഇറിഗേഷൻ വകുപ്പ് ജലാശയങ്ങൾ ശുദ്ധീകരിക്കുകയാണ്. എന്നാൽ അത് തെളിനീരൊഴുകും പദ്ധതിയുടെ ഭാഗമല്ല. ഈ പദ്ധതിയ്ക്ക് വേണ്ടി വീണ്ടും ഇവിടെയെല്ലാം ശുചീകരിക്കും. ഇത് അധിക ചെലവാണ്. ഇതിന് പുറമേ കിള്ളിയാർ ശുചീകരണം,​ ഓപ്പറേഷൻ അനന്ത എന്നിവ പാതിവഴിയിൽ നിൽക്കുന്നതും നഗരസഭയുടെ അനാസ്ഥയുടെ ഉദാഹരണമാണെന്നാണ് ആക്ഷേപം.

 പുതിയ പ്ളാൻ

ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ആഹ്വാനപ്രകാരം പുതിയ ആക്ഷൻ പ്ളാനുമായി നഗരസഭ രംഗത്ത് എത്തിയിരിക്കുകയാണ്. നഗരസഭാ പരിധിയിലെ ജലസ്രോതസുകളെ മാലിന്യമുക്തമാക്കി സംരക്ഷിക്കാനും മഴക്കാലത്തിന് മുമ്പ് പരിസര ശുചീകരണം ഉറപ്പാക്കാനാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തെളിനീരൊഴുകും നവകേരളം, മഴക്കാലപൂർവ ശുചീകരണം എന്നീ രണ്ട് കർമ്മപദ്ധതികൾക്ക് രൂപം നൽകി. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ആരോഗ്യവകുപ്പ്, ജലവിഭവ വകുപ്പ്, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി, തൊഴിലുറപ്പ് പദ്ധതികൾ, കില തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നഗരസഭാ പരിധിയിലുള്ള പാർവ്വതി പുത്തനാർ, ഉള്ളൂർ തോട്, കരമനയാർ, കിള്ളിയാ,ർ വാമനപുരം നദിയുടെ ചെറിയ കൈവഴി തുടങ്ങിയ അഞ്ച് പ്രധാനപ്പെട്ട നദികൾ, രണ്ട് കായലുകൾ, 261 കുളങ്ങൾ, അര ലക്ഷത്തിലേറെ കിണറുകൾ എന്നിവയെല്ലാം മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ദ്രവമാലിന്യങ്ങളെ ശാസ്ത്രീയ പരിപാലന സംവിധാനങ്ങൾ ഒരുക്കി സംസ്‌കരിച്ചും വാതിൽപ്പടി പാഴവസ്തു ശേഖരണം നടത്തിയും ഇവ ജലസ്രോതസുകളിലേക്ക് എത്തുന്നത് തടയുന്ന 'ഇനി ഞാൻ ഒഴുകട്ടെ" കാമ്പെയിനാണ് ആദ്യഘട്ടം.

Advertisement
Advertisement