മരിയുപോളിൽ റഷ്യയുടെ അന്ത്യശാസനം

Monday 18 April 2022 3:30 AM IST

കീവ് : മരിയുപോളിലെ യുക്രെയിൻ സേന കീഴടങ്ങണമെന്ന് അന്ത്യശാസനം നൽകി റഷ്യ. ഞായറാഴ്ചയോടെ മരിയുപോളിലെ യുക്രെയിൻ സായുധ സേനാംഗങ്ങളും വിദേശ കൂലിപ്പടയാളികളും നഗരത്തിന് പുറത്തുകടക്കണമെന്നായിരുന്നു റഷ്യയുടെ മുന്നറിയിപ്പ്.

എന്നാൽ, മരിയുപോളിൽ അവസാനം വരെ പോരാട്ടം തുടരുമെന്ന് യുക്രെയിൻ ഇന്നലെ അറിയിച്ചു. ഇതോടെ ഇന്ന് മുതൽ ശക്തമായ ആക്രമണങ്ങൾ മരിയുപോളിൽ അരങ്ങേറിയേക്കുമെന്നാണ് ആശങ്ക. അന്ത്യശാസന സമയപരിധി അവസാനിച്ചിട്ടും മരിയുപോളിൽ തങ്ങളുടെ സേന തുടരുന്നതായി യുക്രെയിൻ പ്രധാനമന്ത്രി ഡെനിസ് ഷ്മൈഹൽ പറഞ്ഞു.

റഷ്യൻ സേന നിലവിൽ മരിയുപോൾ നഗരത്തെ ചുറ്റി നിലയുറപ്പിച്ചിരിക്കുകയാണ്. മരിയുപോൾ പിടിച്ചെടുത്ത് കിഴക്കൻ ഡോൺബാസിൽ നിന്ന് ക്രൈമിയയിലേക്ക് ഒരു കരഇടനാഴി സൃഷ്ടിക്കാനാണ് റഷ്യയുടെ നീക്കം. ഏകദേശം ഒരു ലക്ഷത്തോളം പേർ മരിയുപോളിനും സമീപ പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. മരിയുപോളിലെ സൈനികരെ റഷ്യ വധിച്ചാൽ സമാധാന ചർച്ചകൾ അവസാനിപ്പിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.

 യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തന്റെ രാജ്യത്ത് സന്ദർശനം നടത്തണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി

 കിഴക്കൻ യുക്രെയിനിലെ സലോട്ട് നഗരത്തിൽ ഷെല്ലാക്രമണത്തിൽ രണ്ട് മരണം

 ഖാർക്കീവിൽ ശക്തമായ ആക്രമണം, അഞ്ച് മരണം

 ആർട്ടിക് മേഖലയിൽ വർദ്ധിച്ചുവരുന്ന നാറ്റോ സാന്നിദ്ധ്യം ആശങ്കയുളവാക്കുന്നതായി റഷ്യ

 കീവിന് കിഴക്ക് ബ്രോവറിയിൽ മിസൈലാക്രമണം

 റഷ്യൻ കപ്പലുകൾക്ക് തങ്ങളുടെ തുറമുഖങ്ങളിൽ നിരോധനം ഏർപ്പെടുത്തി ഇറ്റലി

 സുമിയിലെ ബിൽക ഗ്രാമത്തിൽ സരിൻ അടക്കം രാസായുധങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പ്രാദേശിക ഭരണകൂടം. മുമ്പ് ഇവിടം റഷ്യൻ സേനയുടെ നിയന്ത്രണത്തിലായിരുന്നു

 23,367 യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ

 സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോൺ സംഭാഷണം നടത്തി

 റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

മരിയുപോളിൽ മറ്റൊരു ഉന്നത റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൂടി മരണത്തിന് കീഴടങ്ങി. എട്ടാം ആർമിയുടെ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ വ്ലാഡിമിർ ഫ്രൊലോവ് ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെത്തിച്ച് സംസ്കരിച്ചു.


Advertisement
Advertisement