അന്വേഷണത്തിന് കരുത്തുള്ള ഫോറൻസിക് കൈപ്പിടി വേണം

Tuesday 19 April 2022 12:00 AM IST

ഫോറൻസിക് സയൻസ് ശാഖ ഇന്ന് കുറ്റാന്വേഷണത്തിൽ അനിവാര്യമാണ്. കൃത്യമായ തെളിവ് ശേഖരണത്തിനും നിഷ്പക്ഷവും ശാസ്ത്രീയവും നീതിപൂർവവുമായ അന്വേഷണത്തിനും ഫോറൻസിക് സയൻസിനെ മാറ്റിനിറുത്താനാവില്ല. ശാസ്ത്രീയമായ അന്വേഷണമാണ് ഫോറൻസിക്കിന്റെ പ്രത്യേകത. ഊഹാപോഹങ്ങളെ മാറ്റിനിറുത്തി തെളിവ് ശേഖരണത്തിലൂടെ സമയബന്ധിതമായി ശരിയായ നിലയിൽ അന്വേഷണം പൂർത്തീകരിക്കാൻ കഴിയും.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുന്നതനുസരിച്ച് വേണ്ടത്ര ഫോറൻസിക്, രാസപരിശോധന ലാബുകളും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരും ആധുനിക സൗകര്യങ്ങളും ലഭ്യമാക്കണം. സാമ്പിൾ പരിശോധനയിൽ വേഗവും കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കണം. കേസുകളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പരിശോധന ഫലം കോടതിയിലെത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ഇപ്പോഴത്തെ കാലത്ത് പ്രാധാന്യമർഹിക്കുന്നു. പരിശോധനാഫലം വൈകുന്നതു മൂലം സമയാസമയങ്ങളിൽ കുറ്റപത്രം പോലും സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചില കേസുകളിൽ വിചാരണ സമയങ്ങളിൽ പോലും ശാസ്ത്രീയ റിപ്പോർട്ടുകൾ കോടതികളുടെ മുന്നിലെത്താറില്ല. റിപ്പോർട്ടുകൾ വേഗത്തിലെത്തണമെങ്കിൽ കൂടുതൽ ഫോറൻസിക് ലാബുകൾ സ്ഥാപിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. അതിനായി സർക്കാർ പുതിയൊരു നയരൂപീകരണം നടത്തണം.

ഫോറൻസിക്, രാസ പരിശോധന ലാബുകളിൽ ആയിരക്കണക്കിന് സാമ്പിളുകളാണ് കെട്ടിക്കിടക്കുന്നത്. ലാബുകളും വേണ്ടത്ര വിദഗ്ദ്ധരായ ഉദ്യോഗസ്ഥരും ഇല്ലാത്ത സാഹചര്യത്തിൽ പ്രതികൾ രക്ഷപ്പെടുന്നുമുണ്ട്. മിക്ക കേസുകളിലും കോടതി ഇടപെടലുണ്ടാകുമ്പോൾ, ലാബുകൾക്ക് താങ്ങാനാകാത്ത ഭാരമാണെന്നും ഫലം വരാൻ വർഷങ്ങൾ എടുക്കുമെന്നുമുള്ള വിശദീകരണമാണ് അധികൃതർ നൽകാറുള്ളത്. ക്രൈം കേസുകളുടെ അന്വേഷണം പൂർത്തിയാക്കാൻ ഫോറൻസിക് പരിശോധന ഫലം അനിവാര്യമാണ്. വിദേശരാജ്യങ്ങളിലേതു പോലെ വളരെ വേഗത്തിൽ പരിശോധന ഫലം ലഭ്യമാക്കുന്ന ഓട്ടോമാറ്റിക് ഡി.എൻ.എ എക്‌സ്ട്രാക്‌ഷൻ സംവിധാനം സംസ്ഥാനത്തെ മുഴുവൻ ഫോറൻസിക് ലാബുകളിലും നടപ്പാക്കണം. കൊലപാതകം, പീഡനം, പോക്‌സോ , കവർച്ച തുടങ്ങിയ കേസുകളിൽ ഈ സംവിധാനം പ്രയാേജനപ്രദമാകും. കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും കേസന്വേഷണത്തിലും, കുറ്റം തെളിയിക്കുന്നതിനും ശാസ്ത്രീയ അന്വേഷണ ഫലങ്ങൾ നിർണായകമാകുന്ന ഇക്കാലത്ത് നൂറു കണക്കിന് സാമ്പിളുകളാണ് വിവിധ സ്‌റ്റേഷനുകളിൽ നിന്ന് ലാബിൽ എത്തുന്നത്. വിഭവശേഷി പരിമിതമായ ഫോറൻസിക് യൂണിറ്റുകളിൽ നാലായിരത്തിലധികം സാമ്പിളുകളാണ് ഡി.എൻ.എ പരിശോധനയ്ക്ക് മാത്രമായി കെട്ടിക്കിടക്കുന്നത്.

വൈവിദ്ധ്യമാർന്ന നിരവധി ഫോറൻസിക് കോഴ്‌സുകൾ സംസ്ഥാനത്തെ സർവകലാശാലകളിലുണ്ട്. ഫോറൻസികിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾ കടന്നുവരുന്നുണ്ടെങ്കിലും ജോലി അവസരങ്ങൾ സൃഷ്ടിക്കപ്പെടുക കൂടി ചെയ്യണം. എല്ലാ ജില്ലകളിലും ഫോറൻസിക് ലാബുകൾ സ്ഥാപിക്കാൻ സർക്കാർ നീക്കമുണ്ടെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. മിക്ക സർവകലാശാലകളിലും ഉന്നതനിലവാരത്തിലുള്ള കോഴ്‌സുകളാണുള്ളത്. വിദേശ രാജ്യങ്ങളിൽ കേസന്വേഷണങ്ങളിൽ ഫോറൻസിക് വിഭാഗത്തിന് മുന്തിയ പരിഗണന ലഭിക്കുന്നതിനാൽ ഈ വിഭാഗങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കാണ്.

ഇന്ത്യയിലും കേസന്വേഷണത്തിന് ഫോറൻസിക് വിഭാഗങ്ങളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉചിതമാണ്.

വരാനിരിക്കുന്ന കാലത്ത് കേസുകൾ തെളിയിക്കുക എളുപ്പമുള്ള കാര്യമല്ല. സാങ്കേതികവിദ്യയുടെ വളർച്ച പ്രതീക്ഷിക്കാത്ത കുറ്റകൃത്യങ്ങളിലേക്കുള്ള വഴികളും തുറക്കുന്നു. അവിടെ സുരക്ഷിതമായി കഴിയുന്ന പ്രതികൾ ശിക്ഷിക്കപ്പെടണമെങ്കിൽ ശാസ്ത്രീയമായി കുറ്റാന്വേഷണവും പഠിപ്പിക്കപ്പെടണം. ഫോറൻസിക് സയൻസ് കോഴ്‌സുകൾ സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയോട് അനുബന്ധിച്ചോ, ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ സഹായത്തോടെയോ ആരംഭിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഫോറൻസിക് സയൻസിന്റെ പ്രാധാന്യം ഉൾക്കൊണ്ട് 2019ൽ സംസ്ഥാന സർക്കാർ കേരളത്തിലെ ആദ്യത്തെ ഫോറൻസിക് സയൻസ് കോഴ്‌സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ കേരള പൊലീസ് അക്കാഡമിയിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ കൊച്ചി സർവകലാശാലയ്ക്ക് ( കുസാറ്റ്) കീഴിലും വിവിധ എയ്ഡഡ് കോളേജുകളിലും ഫോറൻസിക് സയൻസ് കോഴ്‌സുകൾ 2020 അദ്ധ്യയനവർഷം മുതൽ ആരംഭിച്ചു. ഫോറൻസിക്കുമായി ബന്ധപ്പെട്ട വിവിധ ഗവേഷണ പഠനങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, ഡി.എൻ.എ ഡേറ്റാ ബാങ്ക് തയ്യാറാക്കുക, പാഠ്യപദ്ധതി പരിഷ്‌കരണം, ഏകീകരണം എന്നിവയ്ക്ക് ദേശീയ ഫോറൻസിക് സർവകലാശാലയെ കേന്ദ്ര സർക്കാർ നോഡൽ ഏജൻസിയായി നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ കേരളത്തിലെ ഫോറൻസിക് സയൻസ് മേഖലയിലെ പരിഷ്‌കാരങ്ങൾക്ക് പുത്തൻ ഉണർവേകുമെന്ന് ഉറപ്പാണ്. സംസ്ഥാന സർക്കാരുകളോട് ആലോചിച്ച് ഒരു ഏകീകൃത സംവിധാനത്തിനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. പൊലീസിൽ ആധുനികവത്ക്കരണം നടക്കുന്നുണ്ടെങ്കിലും ശാസ്ത്രീയ അന്വേഷണങ്ങളിൽ ഇന്നും പിന്നാക്കാവസ്ഥ നിലനിൽക്കുന്നു.

തെളിവുകളുടെ അഭാവത്തിൽ കുറ്റവാളികൾ രക്ഷപ്പെടുന്നുണ്ട്. ഫോറൻസിക് സയൻസ് ബിരുദധാരികൾ പൊലീസിൽ എത്തുന്നതോടെ അതിന് മാറ്റമുണ്ടാകുമെന്ന് ഉറപ്പ്. കേരളത്തിനുപുറത്ത് മിക്ക സർവകലാശാലകളിലും ഫോറൻസിക് സയൻസ് ബിരുദ ബിരുദാനന്തര കോഴ്‌സുകളുണ്ട്. ഗുജറാത്തിലെ പൊലീസ് സർവകലാശാലയിൽ പ്രധാന കോഴ്‌സാണിത്. കേരളത്തിൽ നിലവിൽ ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി തുടങ്ങിയവയിൽ ബിരുദാനന്തര ബിരുദമുള്ളവരെ ഫോറൻസിക് സയൻസ് ലാബിൽ നിയമിക്കുന്നുണ്ട്. നിയമനത്തിന് ശേഷം ഫോറൻസിക് സയൻസിൽ പരിശീലനം നൽകുന്നതാണ് രീതി. ഫോറൻസിക് സയൻസിൽ കമ്പ്യൂട്ടർ വിഭാഗമുണ്ടെങ്കിലും വിദഗ്ധപരിശോധനയ്ക്ക് കൂടുതലും അയയ്ക്കുന്നത് സി ഡാക്കിലേക്കാണ്. ഇതിന് വലിയ തുക ഫീസായി പൊലീസ് നൽകുന്നു. സൈബർ ഫോറൻസിക് ബിരുദക്കാരെ നിയമിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

സംസ്ഥാനത്തെ ഫോറൻസിക് ലാബുകൾ പൊലീസിന്റെ നിയന്ത്രണത്തിൽ നിന്ന് മാറ്റമെന്ന ചർച്ചകൾക്കും അടുത്തിടെ ചൂടുപിടിച്ചിരിക്കുകയാണ്. വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ തയ്യാറാക്കാമെന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലാണ് വിവാദമായത്. നിലവിൽ ക്രൈംബ്രാഞ്ചിന്റെ കീഴിലാണ് ഫോറൻസിക് ലാബുകൾ. ഇക്കാര്യത്തിൽ മാറ്റം നല്ലതാണ്. ഫോറൻസിക്കിൽ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുള്ളപ്പോൾ അവർക്ക് ചുമതല കൈമാറുന്നതിൽ തെറ്റില്ല. ഫോറൻസിക് സയൻസ് ലാബുകളുടെ ഡയറക്ടർ ചുമതല മുതിർന്ന സയന്റിസ്റ്റിനാണ് നൽകിയിരുന്നത്. ഈ പദവി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറാൻ നീക്കം നടന്നെങ്കിലും നടപ്പായില്ല. അത്യാധുനിക കാലത്ത് വളരുന്ന ശാസ്ത്രശാഖയെന്ന നിലയിൽ ഫോറൻസിക് സയൻസിന് വളരെ പ്രാധാന്യമുണ്ട്. അതിനാൽ ആ വിഭാഗത്തെ സ്വതന്ത്രമായി നിലനിറുത്തണം. ബാഹ്യ ഇടപെടലുകളില്ലാതെ കേസന്വേഷണം വിജയകരമായി പൂർത്തിയാക്കാനും ഉപകരിക്കും.

Advertisement
Advertisement