കരനെല്ലിൻ കതിരണിഞ്ഞ് ഈ വീട്ടുമുറ്റം.

Tuesday 19 April 2022 12:00 AM IST

കോട്ടയം. പൂച്ചെടികളല്ല, ഈ വീട്ടുമുറ്റം അലങ്കരിക്കുന്നത്. കതിരിട്ടു നിൽക്കുന്ന നെൽചെടികളാണ്. വീടിന്റെ ഉമ്മറത്ത് കരനെൽകൃഷി ചെയ്ത് വ്യത്യസ്തനാകുകയാണ് കിടങ്ങൂർ കടപ്പൂർ മുതുക്കാട്ടിൽ വീട്ടിൽ കുട്ടപ്പൻ എന്ന സെബാസ്റ്റ്യൻ തോമസ്.

വീടിന്റെ പ്രവേശനഭാഗത്തെ മതിലിന് ഇരുവശത്തും നേരത്തെ കാൽലക്ഷത്തോളം രൂപ ചെലവഴിച്ച് ലോൺഗ്രാസ് നട്ടുപ്പിടിച്ചിരുന്നു. ഇവ മഴയിൽ നശിച്ചുപോയതോടെ, സീലിയ ചെടികൾ നടാൻ തീരുമാനിച്ചു. ഇതിനായി ഓൺലൈൻ വഴി നിന്ന് വിത്ത് വാങ്ങി പാകിയെങ്കിലും മുളച്ചില്ല. തുടർന്നാണ് പരീക്ഷണാർത്ഥം നെല്ലു വിതയ്ക്കാൻ തീരുമാനിച്ചത്. ജനുവരി ആദ്യം മതിലിന്റെ ഇരുവശവും കിളച്ചൊരുക്കി ഡി വൺ വിത്ത് പാകുകയായിരുന്നു. നാലുമാസം കൊണ്ട് നെല്ല് വിളഞ്ഞു.

പാടശേഖരത്തിലെ കൃഷിയേക്കാൾ കരനെൽകൃഷി പ്രയാസമേറിയതാണ്. വെള്ളം വാർന്നു പോകുമെന്നതിനാൽ ദിവസം മൂന്ന് നേരം വെള്ളം തളിക്കേണ്ടിവന്നു. രാസവളങ്ങളോ കീടനാശിനിയോ ഉപയോഗിച്ചില്ല. 10 ദിവസങ്ങൾക്ക് ശേഷം വിളവടുക്കാവുന്ന വിധം നെല്ലുപാകമായിക്കിടക്കുകയാണ്. വീട്ടുമുറ്റത്തൊരുക്കിയ നെൽകൃഷി കാണുന്നവർക്കെല്ലാം കൗതുകമാണ്. അടുത്ത വർഷവും കൃഷി തുടരാൻ തന്നെയാണ് തീരുമാനം. ഭാര്യ നിഷ, മകൻ ടോംസ്, മരുമകൾ സാൻഡ്രാ എന്നിവരും ഈ വീട്ടുമുറ്റത്തെ കൃഷിയു‌ടെ പരിചരണത്തിനുണ്ട്.

Advertisement
Advertisement