മോദി - ഷെഹബാസ് ആദ്യ കൂടിക്കാഴ്ച താഷ്‌ക്കെന്റിൽ?

Tuesday 19 April 2022 12:24 AM IST

ന്യൂഡൽഹി: പുതിയ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്ക്കെന്റിൽ ജൂലായ് 17ന് നടക്കുന്ന ഷാംഗ്ഹായി സഹകരണ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയേക്കും. ഇതിന് പിന്നാലെ മോദി പാകിസ്ഥാനിലെ കദസ് രാജ് ക്ഷേത്രം സന്ദർശിക്കാനുമിടയുണ്ടെന്നാണ് വിവരം.

ഇമ്രാൻഖാന്റെ പിൻഗാമിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ഷെഹബാസ് ഷരീഫ് ഇന്ത്യൻ പ്രധാനമന്ത്രിയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചിരുന്നു. പത്താൻകോട്ട്, പുൽവാമാ ഭീകരാക്രമണങ്ങൾക്ക് ശേഷം നിറുത്തിയ നയതന്ത്ര ചർച്ചകൾ പുനഃരാരംഭിക്കാനുള്ള വഴി തുറന്നിടുന്നതാണ് ഷെഹബാസിന്റെ ക്ഷണം.

പക്ഷേ, ഇക്കാര്യത്തിൽ സൈനിക നേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്. ഇന്ത്യാ അനുകൂല നിലപാടുള്ള ഇപ്പോഴത്തെ പാക് കരസേനാ മേധാവി ക്വാമർ ജാവേദ് ബാജ്‌വ നവംബറിൽ വിരമിക്കുകയാണ്. അദ്ദേഹത്തിന്റെ പിൻഗാമി ഇന്ത്യാ വിരുദ്ധ നിലപാടെടുത്താൽ നയതന്ത്ര നീക്കങ്ങൾ പാളം തെറ്റും.

2014ൽ അധികാരത്തിലേറിയ ഉടൻ നരേന്ദ്രമോദി പാകിസ്ഥാനിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. എന്നാൽ പിന്നീട് ആ ബന്ധം തുടരാനായില്ല.

Advertisement
Advertisement