മംഗലാപുരം ഓടിൽത്തട്ടി മൊബിലിറ്റി ഹബ് രണ്ടാം ഘട്ട നിർമാണം

Tuesday 19 April 2022 12:53 AM IST

ആലപ്പുഴ: ജില്ലയുടെ അഭിമാന പദ്ധതിയായ മൊബിലിറ്റി ഹബിന്റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ മംഗലാപുരം ഓടിൽ തട്ടി നിൽക്കുകയാണ്. കെട്ടിടത്തിൽ മംഗലാപുരം ഓട് സ്ഥാപിക്കണമെന്ന സംസ്ഥാന ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നിർദ്ദേശമാണ് തടസമായിരിക്കുന്നത്. ഹൗസ് ബോട്ട് മാതൃകയിലുള്ള കെട്ടിടത്തിൽ ഓട് പാകാനാവില്ലെന്ന് നിർമ്മാണ ചുമതലയുള്ള ഇൻകെൽ വ്യക്തമാക്കിയതോടെയാണിത്.

ഹബ് നിർമ്മാണത്തിന് മുന്നോടിയായുള്ള ഭാരപരിശോധനകൾ മാർച്ച് 14ന് പൂർത്തിയായതാണ്. കിഫ്ബിയും ഹെറിറ്റേജ് കമ്മിറ്റിയും ഇൻകെൽ അധികൃതരും വിശദമായ യോഗം ചേർന്ന ശേഷം മാത്രമേ വിഷയത്തിൽ ഏതെങ്കിലും തരത്തിൽ പുരോഗതിക്ക് സാദ്ധ്യതയുള്ളൂ. കമ്മിറ്റി എന്ന് ചേരാനാകും എന്നത് സംബന്ധിച്ച് കൃത്യമായ ധാരണയായിട്ടില്ല. കനാൽ ഹെറിറ്റേജ് കമ്മിറ്റിയുടെ അനുകൂല റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നിർമ്മിതികളുടെ സ്കെച്ചിന് നഗരസഭയിൽ നിന്ന് അനുമതി ലഭിക്കൂ.
വളവനാട് ഹൗസിംഗ് ബോർഡിന്റെ സ്ഥലത്ത് കെ.എസ്.ആർ.ടി.സി ഗാരേജിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണ പൂർത്തീകരണത്തിന് ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. ഗാരേജ് വളവനാട്ട് ആരംഭിച്ചു കഴിഞ്ഞാൽ ബസുകൾക്ക് വന്നുപോകാൻ മാത്രമാകും ഇപ്പോഴത്തെ ബസ് സ്റ്റാൻഡ് ഉപയോഗിക്കുക. ബസുകൾ സൂക്ഷിക്കുന്നതും അറ്റകുറ്റപ്പണികളും പൂർണമായും വളവനാടാകും നടക്കുക. ഹബ് പദ്ധതിയിൽ ഏറ്റവും കൂടുതൽ സമയം വേണ്ടിവരിക കെ.എസ്.ആർ.ടി.സിയുടെ കെട്ടിട സമുച്ചയത്തിനാകും. കമ്മിറ്റി ചേരാനും തീരുമാനങ്ങൾ കൈക്കൊള്ളാനും വരുന്ന കാലതാമസം പദ്ധതി പൂർത്തീകരണത്തെ പ്രതികൂലമായി ബാധിക്കും.

............................................

493.06

മൊബിലിറ്റി ഹബിന്റെ നിർമാണ ച്ചെലവ് 493.06

കോടി രൂപയാണ്

...............................................

മൊബിലിറ്റി ഹബ് പദ്ധതി

# ബസ്, ബോട്ട് സർവീസുകൾ കൂട്ടിയോജിപ്പിച്ചുള്ള പദ്ധതി

# റെയിൽവേ സ്റ്റേഷനിലേക്ക് ബസ് യാത്രാ സൗകര്യം

# കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ

# ബോട്ട് ടെർമിനൽ

# ജലഗതാഗത വകുപ്പ് ഓഫീസ്

# ഡോക്ക്

# ഷോപ്പിംഗ് കോംപ്ലെക്സ്

# എക്സിബിഷൻ കേന്ദ്രം

# യാത്രക്കാർക്ക് വിശ്രമ കേന്ദ്രം

.................................................

കിഫ്ബി, ഹെറിറ്റേജ് കമ്മിറ്റി, ഇൻകൽ എന്നിവരൊന്നിച്ചുള്ള യോഗം ചേരേണ്ടതുണ്ട്. നിർമ്മാണ ഘടനയിലടക്കം അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കമ്മിറ്റിയാണ്. ഈ മാസം തന്നെ യോഗം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്

ജേക്കബ്, പ്രോജക്ട് മാനേജർ, ഇൻകെൽ

Advertisement
Advertisement