കാഴ്ചയുടെ പൂരത്തിന് മിഴി തുറന്നു : ഒരാഴ്ച്ചക്കാലം തൃശൂരിന് ഉത്സവക്കാലം

Tuesday 19 April 2022 12:16 AM IST

തൃശൂർ : തേക്കിൻകാട്ടിൽ കുതിരാൻ തുരങ്കവും അതിനുള്ളിലൂടെ കടന്നാൽ മതിവരാ കാഴ്ചകളും സമ്മാനിക്കുന്ന മെഗാ പ്രദർശനത്തിന് മിഴി തുറന്നു. കാഴ്ചക്കാരുടെ കണ്ണിൽ ഒരു കൊച്ചു കേരളം ഒരുക്കിയാണ് പ്രദർശനം. കേരളത്തിന്റെ ഇതുവരെയുള്ള നേട്ടം, വികസന പ്രവർത്തനം എന്നു തുടങ്ങി എല്ലാ മേഖലകളെയും വ്യക്തമായി ചിത്രീകരിച്ചാണ് പ്രദർശനത്തിന് അരങ്ങുണർന്നത്. മേളയുടെ കവാടം വിശാലമായി ഒരുക്കിയ കുതിരാൻ തുരങ്കത്തിന്റെ മാതൃകയാണ്. ഒരു തുരങ്കത്തിലൂടെ മേളയിലേക്ക് പ്രവേശിച്ച് മറ്റൊരു തുരങ്കത്തിലൂടെ പുറത്തുവരുന്ന രീതിയിലാണ് ഇതിന്റെ സജ്ജീകരണം. മേളയുടെ തുടക്കമറിയിച്ച ഘോഷയാത്രയ്ക്ക് ശേഷം മണിക്കൂറുകൾക്കകം ആയിരക്കണക്കിന് പേരെത്തി

ഗ്രാമീണ സൗന്ദര്യവും സുവോളജിക്കൽ പാർക്കും

ഗ്രാമീണ കേരളത്തിന്റെ സൗന്ദര്യവും പുത്തൂരിലെ സുവോളജിക്കൽ പാർക്കും ഇവിടെ കാണികളെ കാത്തിരിക്കുന്നു. പുത്തൂരിൽ ഒരുങ്ങുന്ന സുവോളജിക്കൽ പാർക്കിന്റെ മാതൃക ആദ്യമായി ജനങ്ങൾക്ക് കാണാനുള്ള അവസരവും ഇവിടെയുണ്ട്. ശീതീകരിച്ച എക്‌സിബിഷൻ ഹാളിൽ വിപുലമായ സജ്ജീകരണമാണുള്ളത്. കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാൻ എന്ന പവലിയനിലേക്കാണ് സന്ദർശകർ ആദ്യം പ്രവേശിക്കുക. കേരളത്തിന്റെ ചരിത്രം, വർത്തമാനം, ഭാവി എന്നിവയെ പുതുതലമുറ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നതാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കുന്ന എന്റെ കേരളം തീം പവലിയൻ.

താരങ്ങളായി കുടുംബശ്രീ വനിതകൾ

കുടുംബശ്രീ മിഷന്റെ വിവിധ സ്റ്റാളുകൾ മേളയുടെ ആകർഷണമാണ്. നൂറ് കണക്കിന് വനിതകളാണ് ഉത്പന്നങ്ങളുമായി മേളയിലെത്തിയിരിക്കുന്നത്. ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ഉണ്ടാക്കിയ കരകൗശല വസ്തുക്കൾ, വ്യവസായ വകുപ്പിന്റെ സ്വയംതൊഴിൽ പരിശീലനത്തിൽ നിർമ്മിച്ച നെറ്റിപ്പട്ടം, കറവ മുതൽ വിപണനം വരെയുള്ള ക്ഷീരകർഷകന്റെ ജീവിത മാതൃകയൊരുക്കി ക്ഷീര വികസന വകുപ്പ്, സേവനവിവരം നൽകി എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഭൂസർവേ, അക്ഷയ, ലൈഫ്മിഷൻ, വനിത ശിശു വികസന വകുപ്പ് , മഹിളാ മന്ദിരം, മെന്റൽ ഹെൽത്ത് ഹോം, ചിൽഡ്രൻസ് ഹോം വിഭാഗങ്ങളിലെ അന്തേവാസികളുടെ ബോട്ടിൽ ആർട്ട്, കരകൗശല വസ്തുക്കൾ എന്നിവയുടെ വിപണികളും ശ്രദ്ധേയമായി.

വിപണി ലക്ഷ്യമിട്ട് അതിരപ്പിള്ളി ഗോത്രോൽപന്നങ്ങൾ

ചാലക്കുടിപ്പുഴയോരത്തെ ഗോത്ര സമൂഹത്തിൽ നിന്നുള്ള തനത് കാർഷിക ഉൽപന്നങ്ങളും ആകർഷകമാണ്. മേളയിലെ 146ാം സ്റ്റാളാണിത്. അതിരപ്പിള്ളി പഞ്ചായത്തിലെ 14 ഊരുകളിലുള്ള ആദിവാസികളുടെ ഉന്നമനത്തിനായ് ആവിഷ്‌കരിച്ച പദ്ധതിയാണ് അതിരപ്പിള്ളി ട്രൈബൽ വാലി പദ്ധതി. ആദിവാസി മേഖലയിലെ തനത് കാർഷിക വിഭവങ്ങളായ വൻതേൻ, ചെറുതേൻ, കുറംതേൻ, കാപ്പി, ജാതി, ഏലം, കൊട്ടടക്ക, കൊക്കോ, കുടംപുളി , ശിക്കാക്കായ്, മഞ്ഞക്കൂവ, കാട്ടിഞ്ചി എന്നിവയും സ്റ്റാളിലുണ്ട്.

Advertisement
Advertisement