സി.പി.എം സംസ്ഥാന കമ്മിറ്റി: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷിനെ ഉൾപ്പെടുത്തി

Wednesday 20 April 2022 1:32 AM IST

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷിനെ ഉൾപ്പെടുത്താൻ പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു. കൊച്ചി സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത 89 അംഗ സംസ്ഥാനകമ്മിറ്റിയിൽ ഒഴിച്ചിട്ട സ്ഥാനത്തേക്കാണ് സതീഷിനെ ഉൾപ്പെടുത്തിയത്.

അതേ സമയം,എം.സി. ജോസഫൈൻ അന്തരിച്ചതിനെ തുടർന്ന് പുതിയ ഒഴിവ് വീണ്ടും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായതിനാൽ, അംഗസംഖ്യ വീണ്ടും 88 ആകും.

എൽ.ഡി.എഫ് കൺവീനറായി ഇ.പി. ജയരാജന്റെയും പാർട്ടി മുഖപത്രത്തിന്റെ മുഖ്യപത്രാധിപരായി പുത്തലത്ത് ദിനേശന്റെയും നിയമനങ്ങൾക്ക് സംസ്ഥാന കമ്മിറ്റി യോഗം അംഗീകാരം നൽകി. ശശി മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറിയാവും.

പോളിറ്റ്ബ്യൂറോയിൽ നിന്ന് ഒഴിവായ എസ്. രാമചന്ദ്രൻ പിള്ള പാർട്ടി വിദ്യാഭ്യാസത്തിന്റെയും എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന്റെയും ഇ.എം.എസ് അക്കാഡമിയുടെയും ചുമതലകൾ വഹിക്കും. അദ്ദേഹം എ.കെ.ജി സെന്റർ കേന്ദ്രമാക്കിയാവും പ്രവർത്തിക്കുക. പുത്തലത്ത് ദിനേശനും പ്രവർത്തനകേന്ദ്രം എ.കെ.ജി സെന്ററിലേക്ക് മാറ്റും.

പോളിറ്റ്ബ്യൂറോ അംഗങ്ങളായ എം.എ. ബേബിയുടെയും എ. വിജയരാഘവന്റെയും പ്രവർത്തനകേന്ദ്രം ഡൽഹിയിലായിരിക്കും. പാർട്ടി സൈദ്ധാന്തിക വാരികയായ ചിന്തയുടെ പത്രാധിപരായി ഡോ.തോമസ് ഐസകിനെ നിയോഗിച്ചു. സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന സി.പി. നാരായണൻ വഹിച്ചിരുന്ന ചുമതലയായിരുന്നു അത്. വൈക്കം വിശ്വൻ ഒഴിയുന്ന ചിന്ത പബ്ലിഷേഴ്സിന്റെ ചുമതല എം. സ്വരാജിനായിരിക്കും. യുവജനസംഘടനയുടെ ചുമതലയിൽ ഇ.പി. ജയരാജനും ,വിദ്യാർത്ഥിസംഘടനയുടെ ചുമതലയിൽ എ.കെ. ബാലനും തുടരും. സംസ്ഥാനസമിതിയിൽ നിന്നൊഴിഞ്ഞവരുടെ ചുമതലകൾ സമിതി നിശ്ചയിച്ച് നൽകിയതായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ജില്ലാ കമ്മിറ്റികളിൽ നിന്നൊഴിഞ്ഞവർക്കുള്ള ചുമതലകൾ ജില്ലാ സെക്രട്ടേറിയറ്റുകൾ നിശ്ചയിക്കും.

Advertisement
Advertisement