പോക്സോ കേസിൽ പ്രതിക്ക് ജീവിതാവസാനംവരെ കഠിന തടവ്

Tuesday 19 April 2022 11:59 PM IST

തളിപ്പറമ്പ്: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പോക്സോ കോടതി പ്രതിക്ക് ജീവിതാവസാനംവരെ കഠിന തടവ് വിധിച്ചു. ശ്രീകണ്ഠപുരം ചെരിക്കോട് കുറ്റിയാട്ട് വീട്ടിൽ കെ.വി.ജിതിനാണ്(ഉണ്ണി 28) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി സ്‌പെഷ്യൽ ജഡ്ജി സി.മുജീബ് റഹ്മാൻ കടുത്ത ശിക്ഷ വിധിച്ചത്. പ്രദേശത്തെ പെൺകുട്ടിയെ മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസുവരെ പലതവണ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

പീഡനത്തിനിരയായ പെൺകുട്ടി അംഗനവാടിയിൽ പഠിക്കുമ്പോൾ അമ്മ മരിച്ചുപോയിരുന്നു. പിതാവിന്റെയും അമ്മമ്മയുടെയും സംരക്ഷണയിലായിരുന്നു പെൺകുട്ടിയും ഇളയകുട്ടിയും കഴിഞ്ഞിരുന്നത്. അമ്മമ്മ കുടുംബശ്രീക്ക് ഇളയ കുട്ടിയെയും കൂട്ടി പോകുമ്പോൾ ജിതിൻ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടി സ്‌കൂളിലെ അദ്ധ്യാപികയോട് സംഭവം പറഞ്ഞു. സ്‌കൂൾ അധികൃതർ വിവരം ചൈൽഡ് ലൈൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു ചൈൽഡ്ലൈൻ അധികൃതരാണ് പൊലീസിന് വിവരം കൈമാറിയത്.

കേസെടുത്ത ശ്രീകണ്ഠപുരം പൊലീസ് 2015 ജൂലായ് പത്തിന് ജിതിനെ അറസ്റ്റ് ചെയ്യുകയായിരു ന്നു. ശ്രീകണ്ഠപുരം സി.ഐമാരായിരുന്ന കെ.എ. ബോസ്, വി.വി.ലതീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. വിചാരണ വേളയിൽ പെൺകുട്ടിയുടെ പിതാവ് കൂറുമാറിയിരുന്നു. അദ്ധ്യാപകരുടെയും മറ്റു സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ വിധിച്ചത്. മാതാപിതാക്കളെ നോക്കേണ്ട ചുമതലയുള്ളതിനാൽ കടുത്ത ശിക്ഷ ഒഴിവാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടെങ്കിലും ഈയാൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസിന്റെ വാദം കോടതി കണക്കിലെടുക്കുകയായിരുന്നു.

Advertisement
Advertisement