ജനറൽ ആശുപത്രി കാത്ത് ലാബ് ഇന്ന് തുറക്കും

Wednesday 20 April 2022 2:14 AM IST

തിരുവനന്തപുരം : ജനറൽ ആശുപത്രിയിൽ ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിനും കാത്തിരിക്കുന്നവർക്ക് ആശ്വാസം. മന്ത്രി വീണാ ജോർജിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് കാത്ത് ലാബ് ഇന്ന് തുറക്കും.രോഗികളെ ബുദ്ധിമുട്ടിലാക്കിയ ആശുപത്രി ആധികൃതരുടെ നടപടി അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.രണ്ട് മാസമായി കാത്ത് ലാബ് അടച്ചതോടെ സ്വകാര്യ ആശുപത്രിയിൽ വൻതുക നൽകാൻ ശേഷിയില്ലാത്ത സാധാരണക്കാരുടെ ദുരിതം കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിന് പിന്നാലെ മന്ത്രി നടത്തിയ അടിയന്തര ഇടപെടലാണ് ഫലം കണ്ടത്.ഐ.സി.യുവിൽ ചികിത്സയിലുള്ള രോഗിയെയാണ് ഇന്ന് ആൻജിയോഗ്രാമിന് വിധേയമാക്കുന്നത്. ആവശ്യമെങ്കിൽ ഇന്നുതന്നെ ആൻജിയോപ്ലാസ്റ്റിനും വിധേയമാക്കുന്നതിനുള്ള തയ്യാറെടുപ്പും നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച വാർത്ത വന്നതിന് പിന്നാലെ മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതലയുള്ള വി.ആർ.രാജുവിന്റെ സാന്നിദ്ധ്യത്തിൽ ജനറൽ ആശുപത്രി അധികൃതരുടെ യോഗം ചേർന്നു. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും ബുധനാഴ്ച കാത്ത് ലാബ് തുറന്നിരിക്കണമെന്നും മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ ന്യായീകരണങ്ങളൊന്നും മന്ത്രി ചെവിക്കൊണ്ടില്ല. ഇന്ന് തുറക്കുന്ന കാത്ത് ലാബ് വരും ദിവസങ്ങളിൽ പൂർണ സജ്ജമായി പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

കുടിശിക നൽകാത്തതിനാൽ സ്റ്റെൻഡ്,വയർ,ബലൂണുകൾ തുടങ്ങിയ ഉപകരണങ്ങൾ വിതരണക്കാർ എത്തിക്കാത്തതോടെയാണ് ലാബിന് താത്കാലികമായി പൂട്ടുവീണത്. 32ലക്ഷത്തോളം രൂപയാണ് വിവിധ സ്വകാര്യ കമ്പനികൾക്കായി നൽകാനുള്ളത്.കൊവിഡ് കാലത്ത് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ വരുമാനം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.

 അഴിച്ചുപണി ഉടൻ

ജനറൽ ആശുപത്രിയിൽ അടിമുടി അഴിച്ചുപണി ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകി മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ മറ്റു ചില പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്.വരും ദിവസങ്ങളിൽ അത്തരം കാര്യങ്ങളിൽ ഇടപെടലുണ്ടാകും. പ്രകടമായ മാറ്റം ജനറൽ ആശുപത്രിയിൽ ഉണ്ടാകുമെന്നും മന്ത്രി വീണ പറഞ്ഞു. തലസ്ഥാനത്തെ പ്രധാന ചികിത്സാ കേന്ദ്രമായ ജനറൽ ആശുപത്രിയിൽ ചിലരുടെ കെടുകാര്യസ്ഥത കാരണം പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി നേരത്തയും കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

Advertisement
Advertisement