അവധിയെത്തി, ഒപ്പം തിരക്കും മൃഗശാല വരുമാനത്തിൽ വർദ്ധന

Wednesday 20 April 2022 2:22 AM IST

തിരുവനന്തപുരം:കൊവിഡ് ഭീതിമാറി അവധിക്കാലമെത്തിയതോടെ മൃഗശാലയിൽ തിരക്ക് കൂടി.ഒരുമാസത്തിനിടെ വരുമാനത്തിൽ വൻ വർദ്ധനയാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു.കഴിഞ്ഞ ശനിയും ഞായറും മാത്രം ടിക്കറ്റ് നിരക്കിലെ വരുമാനം രണ്ടര ലക്ഷത്തോളം കവിഞ്ഞു.കൊവിഡ് ഭീഷണിയിൽ പലവട്ടം മൃഗശാല അടച്ചിടേണ്ടിവന്നത് വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു.അതേസമയം നിയന്ത്രണങ്ങൾ പിൻവലിച്ചതും അവധിക്കാലം ആഘോഷമാക്കാൻ വിദ്യാർത്ഥികളും കുടുംബങ്ങളും കൂട്ടമായി എത്തുന്നതും വരുമാനത്തിൽ വളരെയേറെ കുതിപ്പുണ്ടാക്കിയിട്ടുണ്ട്.ആന്ധ്ര,കർണാടക,തമിഴ്നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കൂടിയതും വരുമാനത്തിൽ ഗുണം ചെയ്തു.കഴിഞ്ഞ ദിവസങ്ങളിൽ മ്യൂസിയം വളപ്പിലെ കെ.ടി.ഡി.സിയുടെ ഫുഡ് കോർട്ടിലടക്കം വൻ തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഉല്ലാസ യാത്രയാണ് മൃഗശാലയുടെ പ്രധാന വരുമാന സ്രോതസ്. ഇതര സംസ്ഥാനങ്ങളിലെ ഉല്ലാസ യാത്രകളടക്കം പുനരാരംഭിച്ചതും അവധിക്കാല ക്യാമ്പുകൾ തുടങ്ങിയതും കൂടുതൽ പേരെ മൃഗശാലയിൽ എത്തിച്ചിട്ടുണ്ട്.കൊവിഡ് വ്യാപനത്തെ തുടർന്ന് ഏഴുമാസത്തോളം മൃഗശാലയും മ്യൂസിയവും അടച്ചിട്ടിരുന്നു. ഈ സമയത്ത് 6 കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.വരും ദിവസങ്ങളിൽ ആൾത്തിരക്ക് കൊവിഡ് കാലത്തെ നഷ്ടത്തിന് ആശ്വാസമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.ഒരു ജോടി ഇഗ്വാനകളെയും രണ്ട് പന്നിക്കരടികളെയും പുതിയ അതിഥികളായി എത്തിച്ചിരുന്നു.

ഞായറാഴ്ചകളിൽ ഇളവ്

ഞായറാഴ്ചകളിൽ 15 വയസുവരെയുള്ള കുട്ടികൾക്ക് മൃഗശാലയിലും ആർട് ഗ്യാലറിയിലും ആർട് മ്യൂസിയത്തിലും പ്രവേശനം സൗജന്യമാണ്.വന്യജീവി വാരാഘോഷത്തിനും കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

ടിക്കറ്റ് വരുമാനം

ശനിയാഴ്ച 254400 രൂപ

ഞായറാഴ്ച 242870രൂപ

മൃഗശാല പ്രവേശന ഫീസ്

12 വയസ്സിനു മുകളിലുള്ളവർക്ക് 30 രൂപ

5 നും 12 നും ഇടയിൽ പ്രായമുള്ളവർക്ക് 10 രൂപ

ഫാമിലി ടിക്കറ്റ് (അച്ഛൻ, അമ്മ, 12 വയസിൽ താഴെയുള്ള 2 കുട്ടികൾ) 70 രൂപ

ഗ്രൂപ്പ് ഹയർ സെക്കൻഡറി/കോളേജ് (35 കുട്ടികളും രണ്ട് അദ്ധ്യാപകരും) 400 രൂപ

ഗ്രൂപ്പ് എൽ.പി,യു.പി,ഹൈസ്‌കൂൾ (35 കുട്ടികളും രണ്ട് അദ്ധ്യാപകരും) 300 രൂപ

കാർ പാർക്കിംഗ് 150 രൂപ

കാമറ 50 രൂപ

വീഡിയോഗ്രഫി 200 രൂപ

12 വയസിന് മുകളിലുള്ള വിദേശികൾക്ക് 200 രൂപ

കുട്ടികൾ (5 നും 12നും ഇടയിൽ)100 രൂപ

ബാറ്ററി കാർ

5 വയസിനു മുകളിൽ 60 രൂപ

കുട്ടികൾക്ക് 20 രൂപ

മുതിർന്ന പൗരന്മാർ 20 രൂപ

ഭിന്ന ശേഷിക്കാർക്ക് 15രൂപ

14 സീറ്റർ വാഹനം 800 രൂപ

8 സീറ്റർ വാഹനം 450

Advertisement
Advertisement