ഇന്ത്യൻ അതിർത്തിയോട് ചേർന്ന് മൊബൈൽ ടവർ നിർമ്മിച്ച് ചൈന

Wednesday 20 April 2022 4:17 AM IST

ന്യൂഡൽഹി: കിഴക്കൻ ലഡാക് അതിർത്തിയിലെ ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിയന്ത്രണ രേഖയോട് ചേർന്ന തങ്ങളുടെ പ്രദേശത്ത് ചൈന മൊബൈൽ ടവറുകൾ സ്ഥാപിച്ചു. ലഡാക് മേഖലയിലെ ചുഷുലിൽ 12 ഇന്ത്യൻ ഗ്രാമങ്ങളോട് ചേർന്ന പ്രദേശത്താണിത്. ലഡാക് സ്വയംഭരണ വികസന മേഖലാ കൗൺസിലിന്റെ(എൽ.എ.എച്ച്.ഡി.സി)ചുഷുൽ മേഖലാ കൗൺസിലർ കോഞ്ചോക് സ്റ്റാൻസിനാണ് ചൈനയുടെ മൊബൈൽ നിർമ്മാണം പുറംലോകത്തെ അറിയിച്ചത്.

ഇന്ത്യൻ അതിർത്തിയിലെ 11 ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യങ്ങളില്ല. അതേസമയം ചൈനീസ് അതിർത്തിക്കുള്ളിൽ ജനവാസമില്ലാത്ത മേഖലയിലെ മൊബൈൽ ടവർ നിർമ്മാണത്തിൽ ദുരൂഹതയുണ്ടെന്ന് സ്റ്റാൻസിൻ പറഞ്ഞു. ഇന്ത്യൻ അതിർത്തിക്കുള്ളിൽ ഇപ്പോൾ റോഡുകൾ നിർമ്മിക്കുന്നുണ്ടെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. എന്നാൽ ചൈന റോഡുകൾ, പാലങ്ങൾ, മൊബൈൽ നെറ്റ്‌വർക്ക് തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. മൂന്നു ടവറുകൾ ഏറെ ആശങ്കയുണ്ടാക്കുന്നു. അതിർത്തിക്കപ്പുറത്തുനിന്ന് അവർക്ക് ഇന്ത്യക്കാരെ നിരീക്ഷിക്കാൻ കഴിയും. ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് സൗകര്യംലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് താൻ പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗിന് കത്തയച്ചതായും സ്റ്റാൻസിൻ പറഞ്ഞു.

അതിർത്തിയിലെ പാംഗോംഗ് തടാകത്തിന് കുറുകെ ചൈന പാലം നിർമ്മിച്ചത് നേരത്തെ വിവാദമായിരുന്നു.

Advertisement
Advertisement