ബി.ജെ.പിയെ പിടികൂടാൻ ഡൽഹി വരെ പോകുമെന്ന് മമത: ബംഗാളിൽ ബി.ജെ.പി-തൃണമൂൽ സംഘർഷം മൂർച്ഛിക്കുന്നു

Wednesday 15 May 2019 12:57 PM IST

കൊൽക്കത്ത: ബി.ജെ.പി. അദ്ധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്‌ക്കിടെ തൃണമൂൽ ബി.ജെ.പി. പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തൃണമൂൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. അമിത് ഷായുടെ റാലി നടക്കുമ്പോൾ എ.ബി.വി.പി. പ്രവർത്തകർ റാലി നടക്കുന്ന വിദ്യാസാഗർ കോളേജിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തിയെന്നാണ് തൃണമൂലിന്റെ പരാതി. അതേസമയം, ഈ വിഷയത്തിൽ ബംഗാളിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനുമായി വീഡിയോ കോൺഫറൻസിംഗും നടത്തും.

ഇന്നലെ വൈകിട്ട് കൊൽക്കത്തയിൽ വച്ച് നടന്ന ബി.ജെ.പി അദ്ധ്യക്ഷന അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ബി.ജെ.പി. പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിനിടെ ബംഗാളിന്റെ നവോത്ഥാന നായകനും തത്വചിന്തകനുമായ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും തകർത്തു. ബംഗാളിന്റെ സാംസ്‌കാരിക നായകന്റെ പ്രതിമ തകർത്തതിനെതിരെ മുഖ്യമന്ത്രിയും തൃണമൂൽ അദ്ധ്യക്ഷയുമായ മമത ബാനർജി സംസ്ഥാനമൊട്ടാകെ പ്രക്ഷോഭം നടത്തും.

"ബംഗാളിലെ ബി.ജെ.പി. ഓഫീസുകൾ അടിച്ച് തകർക്കാൻ ഇനി അധികം താമസമില്ലെന്നും മമത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിങ്ങളെ പിടികൂടാൻ ഡൽഹി വരെയും ഞാൻ വരും. വിദ്യാസാഗറിന്റെ പ്രതിമ നശിപ്പിച്ചതും കോളേജിൽ കലാപം സൃഷ്ടിച്ചതും പൊറുക്കാനാവില്ല. അത് ചെയ്തവരെ ഞങ്ങൾ വെറുതെ വിടില്ല'- മമത താക്കീത് നൽകി.

റോഡ് ഷോയ്ക്കിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേൽക്കാതെ കഷ്ട്ടിച്ച് രക്ഷപ്പെട്ട അമിത് ഷായ്‌ക്ക് തന്റെ പ്രസംഗം പൂർത്തിയാക്കാനായില്ല. തൃണമൂലിന്റെ ഗുണ്ടകൾ തന്നെ അപായപ്പെടുത്താനാണ് ശ്രമിച്ചതെന്നും മമത ബാനർജി അക്രമത്തിന് കൂട്ടുനിൽക്കുകയാണെന്നും താൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും അമിത് ഷാ ആരോപിച്ചു.