ഇന്ധന ചിലവ് താങ്ങാനാകുന്നില്ല... മത്സ്യബന്ധന വള്ളങ്ങൾ കരയിൽ ഇരിപ്പായി

Thursday 21 April 2022 12:01 AM IST

അമ്പലപ്പുഴ : ഡീസൽ,മണ്ണെണ്ണ വിലവർദ്ധന മത്സ്യബന്ധന മേഖലയുടെ നടുവൊടിച്ചതോടെ പരമ്പരാഗത തൊഴിലാളികളുടെ ജീവിതമാർഗമടഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി മത്സ്യത്തിന്റെ ലഭി്യതയിൽ വലിയ കുറവുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്ധന വില കുതിച്ചുയർന്നത്.

പള്ളിത്തോട് മുതൽ ആറാട്ടുപുഴ വരെയുള്ള ആലപ്പുഴയുടെ തീരദേശത്ത് ഭൂരിഭാഗം വള്ളങ്ങളും മീൻപിടിത്തം നിറുത്തി കരയ്ക്കു കയറ്റി വച്ചിരിക്കുകയാണ്. ചന്തക്കടവുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും ആളും അനക്കവുമില്ലാതെയായി. ഡിസ്കോ ഇനത്തിൽപ്പെട്ട ചെറിയ ഫൈബർ വള്ളങ്ങൾ മുമ്പ് കടലിൽ പോയി കരയെത്തുമ്പോൾ 3000 രൂപയുടെ പെട്രോളും ഡീസലും മതിയായിരുന്നു. എന്നാൽ ഇന്ന് അത് ഇരട്ടിയായി വർദ്ധിച്ചു. കൂറ്റൻ ഇൻ ബോർഡ് വള്ളങ്ങൾക്കും മത്സ്യ ബന്ധന ബോട്ടുകൾക്കും 15,000 രൂപ മുതൽ 30000 രൂപയുടെ വരെ ഇന്ധനം വേണ്ടിവരും. ഇത്രയും പണം മുടക്കി കടലിൽ പോയാൽ ലഭിക്കുന്ന മത്സ്യത്തിന്റെ അളവ് വളരെ കുറവാണ്. ഇന്ധനത്തിന് മുടക്കുന്ന പണത്തിനനുസരിച്ച് മത്സ്യം കിട്ടാതായതോടെ വൻ കടക്കെണിയിലായിരിക്കുകയാണ് വള്ളം ഉടമകളും ,തൊഴിലാളികളും.

മണ്ണെണ്ണയും സബ്സിഡിയും

കേന്ദ്ര സർക്കാർ മണ്ണെണ്ണ സബ്സിഡി വെട്ടിക്കുറച്ചതും മത്സ്യബന്ധന മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി. മണ്ണെണ്ണ ഉപയോഗിച്ചു പ്രവർത്തിക്കുന്ന 9.9 എച്ച്.പി എൻജിന് 129 ലിറ്ററും 15 എച്ച്.പിക്ക് 136 ലിറ്ററും, 25 എച്ച്.പി എൻജിന് 180 ലിറ്ററും മണ്ണെണ്ണ 2016 വരെ ലിറ്ററിന് 13 രൂപ സബ്സീഡി നിരക്കിൽ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ 124 രൂപയായി ലിറ്ററിന് വില ഉയർന്നപ്പോഴും 25 രൂപ ഇളവു മാത്രമാണ് ലഭിക്കുന്നത്. അതും കഴിഞ്ഞ നാലു മാസമായി ലഭിക്കുന്നില്ല. മണ്ണെണ്ണയുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് തമിഴ് നാട്ടിലെ പോലെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ നിന്ന് സബ്സിഡി നിരക്കിൽ ഫിഷറീസ് വകുപ്പിന് നേരിട്ട് മണ്ണെണ്ണ ലഭിക്കുന്ന നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രധാന ആവശ്യം.

പിടിച്ചു നിൽക്കാനാവാതെ പരമ്പരാഗത മത്സ്യതൊഴിലാളികൾ ഈ മേഖല ഉപേക്ഷിക്കുകയാണ്.പത്തു വർഷത്തിന് മുകളിലുള്ള എൻജിനുകൾക്ക് മാത്രമാണ് സർക്കാർ പെർമിറ്റ് നൽകുന്നത്.ഇന്ധന വിലയോടൊപ്പം മറ്റ് അനുബന്ധ ചിലവുകളും വർദ്ധിച്ചു.20 തൊഴിലാളികൾ കയറുന്ന വള്ളത്തിന്റെ ചൂടൻ വലയ്ക്ക് 8 ലക്ഷത്തോളം രൂപ ചെലവാകും -അഖിലാനന്ദൻ, പാണ്ടിയാർ ദീപം വള്ളം ഉടമ

Advertisement
Advertisement