വിദേശ ഡിഗ്രി കോഴ്സുകൾ

Thursday 21 April 2022 12:00 AM IST

വിദേശത്ത് പോയി പഠിക്കുക എന്നത് കഴിഞ്ഞ തലമുറയ്ക്കും അതിനു മുമ്പും അതിസമ്പന്നരുടെ മക്കൾക്കുമാത്രം ആഗ്രഹിക്കാൻ കഴിയുന്ന കാര്യമായിരുന്നു. സ്വാതന്ത്യസമരത്തിന് നേത‌ൃത്വം നൽകിയ മഹാരഥന്മാരായ നേതാക്കളിൽ

ഭൂരിപക്ഷവും വിദേശത്തുനിന്നും പഠിച്ച് വന്നവരായിരുന്നു. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ബി.ആർ അംബേദ്കർ തുടങ്ങി ഒട്ടേറെ നേതാക്കൾ. അന്നുമുതലേ വിദേശത്തുപോയി പഠിക്കുന്നവർക്ക് പ്രത്യേക മേധാവിത്വം

ലഭിച്ചിരുന്നു. മുൻപ് വിദേശത്ത് പഠിക്കുന്നവർ പഠനം പൂർത്തിയാകുമ്പോൾ ഇന്ത്യയിലേക്ക് മടങ്ങിവരുമായിരുന്നു. ഇന്നാകട്ടെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഇന്ത്യയിൽ പഠിക്കുന്നതുതന്നെ വിദേശത്ത് ജോലിചെയ്യുക എന്ന ലക്ഷ്യവുമായാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെയും സമ്പ്രദായത്തിന്റെയും മെല്ലെപ്പോക്കാണ് വിദ്യാർത്ഥികളിൽ വിദേശപഠനമെന്ന ത്വര വർദ്ധിക്കാൻ ഇടയാക്കിയത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാർ അവരുടെ താത്‌പര്യങ്ങൾക്ക് മുൻതൂക്കം നൽകി രൂപപ്പെടുത്തിയ വിദ്യാഭ്യാസരീതിക്ക് മാറ്റങ്ങൾ കണ്ടുതുടങ്ങിയത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളിലാണ്. വളരെ പ്രയാസപ്പെട്ടും ഒട്ടേറെ എതിർപ്പുകൾ നേരിട്ടുമാണ് അൽപ്പം മാറ്റങ്ങളെങ്കിലും വന്നുതുടങ്ങിയത്.

ഇന്ത്യയിൽ വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ വരുത്താൻ യു.ജി.സി വഹിക്കുന്ന പങ്ക് ചെറുതല്ല. അതിലേറ്റവും ഒടുവിലായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് വിദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഡിഗ്രികോഴ്സുകൾ നടത്താൻ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു.ജി.സി നൽകിയ അനുമതിയാണ്. ഇതുവഴി വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് കൂടുതൽ അവസരങ്ങളുണ്ടാകും. 3.01ന് മുകളിൽ പോയിന്റോടെ നാക് അംഗീകാരം ലഭിച്ച സ്ഥാപനങ്ങൾ,ദേശീയ വിദ്യാഭ്യാസ റാങ്കിംഗിൽ ആദ്യ നൂറ് റാങ്കുകൾ ലഭിച്ച സ്ഥാപനങ്ങൾ,​ മറ്റ് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അനുമതി. രാജ്യത്ത് വിദ്യാഭ്യാസരംഗത്ത് വൻ പരിഷ്‌കരണത്തിന് ഇത് വഴിവയ്ക്കുമെന്ന് യു.ജി.സി ചെയർമാൻ എം. ജഗദേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. ട്വിന്നിംഗ് പ്രോഗ്രാം, ഡൂവൽ ഡിഗ്രി പ്രോഗ്രാം, ജോയിന്റ് ഡിഗ്രി പ്രോഗ്രാം എന്നീ മൂന്നുതരം കോഴ്സുകൾ പരസ്പര സഹകരണത്തോടെ സർവകലാശാലകൾക്ക് വാഗ്ദാനം ചെയ്യാനാകും. ഇതോടെ സംയുക്ത കോഴ്സിൽ ചേരുന്ന വിദ്യാർത്ഥിക്ക് ആ പ്രോഗ്രാമിന്റെ തരമനുസരിച്ച് നിശ്ചിത ശതമാനം കോഴ്സ് ക്രെഡിറ്റ് വിദേശ സർവകലാശാലയിൽനിന്ന് നേടാൻ കഴിയും. ഇതിനായി വിദ്യാർത്ഥികൾ വിദേശ സർവകലാശാലയിൽ പ്രവേശനം നേടേണ്ടതില്ല. അതിലൂടെ വലിയ സാമ്പത്തിക ലാഭമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. വിദേശസർവകലാശാലകൾ പൊതുവേ കോഴ്സ് ഫീസായി നല്ല തുകയാണ് ഇൗടാക്കുന്നത്. ശരാശരി വരുമാനമുള്ളവരുടെ മക്കൾപ്പോലും ഇപ്പോൾ വിദ്യാഭ്യാസ ലോണും മറ്റുമെടുത്ത് വിദേശത്ത് പഠിക്കാൻ പോകുന്നത് നാട്ടുനടപ്പായി മാറിയിരിക്കുന്ന ഇൗ സന്ദർഭത്തിൽ പരിഷ്ക്കരണം വലിയ ആശ്വാസമായി മാറും.

ഇരട്ട‌ ഡിഗ്രി പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥിക്ക് ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകൾ ഡിഗ്രി നൽകും. ഇത് വിദേശത്ത് ജോലിക്ക് ആഗ്രഹിക്കുന്നവർക്ക് കൂടുതൽ അവസരവും സാദ്ധ്യതയുമാണ് ഒരുക്കുന്നത്. വിദേശസർവകലാശാലകൾ പഠനത്തിനൊപ്പം ഗവേക്ഷണത്തിനും തുല്യ പ്രാധാന്യം നൽകുന്നുണ്ട്. നമ്മൾ ഇപ്പോഴും ഗവേഷണത്തിന് അത്ര പ്രാധാന്യം നൽകിയിട്ടില്ല. ഇൗ കുറവ് പരിഹരിക്കാനും വിദേശസ്ഥാപനങ്ങളുമായി ചേർന്ന് ഡിഗ്രി കോഴ്സുകൾ നടത്താൻ അനുമതി നൽകിയതിലൂടെ സാധിക്കും. നിശ്ചിത യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് വിദേശ സർവകലാശാലകളുമായി കെെകോർക്കാൻ ഇനി മുതൽ യു.ജി.സിയുടെ മുൻകൂർ അനുവാദം തേടേണ്ടി വരില്ലെന്നതാണ് തീരുമാനത്തിന്റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. കേരളത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത് വലിയൊരു സാദ്ധ്യതയാണ് തുറക്കുന്നത്.

Advertisement
Advertisement