ആദ്യം അപകടം ...ദുരൂഹത... ഒടുവിൽ തെളിഞ്ഞത് വമ്പൻ ക്വട്ടേഷൻ

Thursday 21 April 2022 1:12 AM IST

തൃശൂർ : ആദ്യം അപകടം, പിന്നാലെ ദുരൂഹത, തുടർന്ന് സിനിമ സ്റ്റൈൽ ചേസിംഗ്. ഒടുവിൽ പ്രതികൾ പിടിയിലായതോടെ ചുരുളഴിഞ്ഞത് വമ്പൻ ക്വട്ടേഷൻ തിരക്കഥ. പിടിയിലായവരെല്ലാം സ്ഥിരം കുറ്റവാളികളാണ്. ദയ എന്ന വാക്ക് നിഘണ്ടുവിലില്ലാത്ത പ്രതികൾ അഴിക്കുള്ളിലായത് തൃശൂർ റൂറൽ പൊലീസിന്റെ സിനിമാ സ്റ്റൈലിലുള്ള സാഹസിക നീക്കങ്ങളിലൂടെയാണ്.

തങ്ങൾക്ക് അപകടം ഉണ്ടായേക്കാമെന്ന ധാരണയോടെയാണ് പൊലീസ് സംഘം പ്രതികളെ റോഡിൽ തടഞ്ഞത്. പൊലീസ് ജീപ്പിലിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പ്രതികളാണ് ആദ്യം പിടിയിലായത്. പിന്നെയും കുപ്രസിദ്ധ ക്രിമിനലുകളായ അച്ചു സന്തോഷും ജിനു ജോസ്, മജോ ജോസ്, സജൽ എന്നിവർ പിടി കൊടുക്കാതെ നടക്കുകയായിരുന്നു. തുടർന്ന് അർദ്ധരാത്രി സർവ സന്നാഹങ്ങളോടെ ഇവരുടെ വാസസ്ഥലം വളഞ്ഞ് നാലു പേരെയും പിടികൂടുകയായിരുന്നു. ഉറക്കമില്ലാത്ത രാത്രിയായിരുന്നെങ്കിലും 9 പ്രതികളെയും ഇന്നലെ പുലർച്ചയ്ക്ക് മുമ്പേ പിടികൂടാനായത് പൊലീസിന്റെ നേട്ടമായി.

ഇരയെ തേടി വട്ടമിട്ട് കറങ്ങൽ

നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ചേർപ്പ് സ്വദേശിയായ ഗിവറിനെ വകവരുത്തുകയെന്ന ലക്ഷ്യമായിരുന്നു ക്വട്ടേഷൻ സംഘത്തിന്. തനിക്കെതിരെ ക്വട്ടേഷനുണ്ടെന്ന് മണത്തറിഞ്ഞ ഗിവർ മുങ്ങി. ജില്ലയിലെ മറ്റ് ക്വട്ടേഷൻ സംഘങ്ങളുമായും ഗിവറിന്റെ എതിരാളി സംഘത്തെയും ഇവർ ബന്ധപ്പെട്ടു. ചേർപ്പ് മേഖലയിൽ രണ്ട് ദിവസമായി ഇയാളെ തെരഞ്ഞ് നടന്നിരുന്ന സംഘം അപകടത്തിൽപെട്ടതോടെയാണ് പദ്ധതി പൊളിഞ്ഞത്. അറസ്റ്റിലായ മാളിയേക്കൽ ജിനു, മജോ എന്നിവർ സാക്ഷികളായ കൊലപാതകക്കേസിലെ പ്രതിക്കെതിരെ സാക്ഷി പറഞ്ഞാൽ കഥ കഴിക്കുമെന്നായിരുന്നു ഗിവറിന്റെ ഭീഷണി.

ഇതിന് പ്രതികാരം വീട്ടാനാണ് വിയ്യൂർ സെൻട്രൽ ജയിലിൽ ജിനുവിന്റെ സഹതടവുകാരനും ഏറ്റുമാനൂർ സ്വദേശിയുമായ അച്ചു സന്തോഷിന്റെ സഹായം തേടിയത്. ജില്ലയിലെ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രങ്ങളിലെല്ലാം ഇവരെത്തിയിട്ടുണ്ടെന്നാണ് സൂചന.

Advertisement
Advertisement