'കുരുവിക്കൊരു കൂട് ' രണ്ടാംഘട്ടത്തിന് തുടക്കമായി

Thursday 21 April 2022 3:34 AM IST

തിരുവനന്തപുരം: അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി വനംവകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം നടപ്പിലാക്കിവരുന്ന 'കുരുവിക്കൊരു കൂട് ' പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. പാളയം മാർക്കറ്റിന്റെ കവാടത്തിൽ കുരുവിക്കൂട് സ്ഥാപിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ പദ്ധതി ഉദ്‌ഘാടനം ചെയ്‌തു.

അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി പദ്ധതി വിപുലീകരിക്കുമെന്നും സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടുകൾക്ക് സമീപം കുരുവികൾക്കായി തിനയും വെള്ളവും സജ്ജീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ റൈറ്റേഴ്‌സ് ആൻഡ് നേച്ചർ ലവേഴ്‌സ് ഫോറത്തിന്റെ സഹകരണത്തോടെയാണ് ഇവ സ്ഥാപിച്ചത്. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പാളയം രാജൻ, സാമൂഹ്യ വനവത്കരണ വിഭാഗം അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ.പ്രദീപ് കുമാർ,റൈറ്റേഴ്‌സ് ആൻഡ് നേച്ചർ ലവേഴ്‌സ് ഫോറം ചെയർമാൻ സി.റഹിം, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി കോ - ഓർഡിനേറ്റർ കെ.ബി.സഞ്ജയൻ, എ.സി.എഫ് ജെ.ആർ.അനി, എസ്.എഫ്.ഒ സുരേഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement