മത്സ്യ വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന : 11 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

Friday 22 April 2022 12:39 AM IST
മത്സ്യ വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന.

തൃശൂർ: തൃശൂർ നിയോജക മണ്ഡലം പരിധിയിലെ വിവിധ മത്സ്യമാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ 11 കിലോ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു. ഓപ്പറേഷൻ സാഗർ റാണി രണ്ടാംഘട്ടത്തിന്റെ ഭാഗമായി ശക്തൻ മാർക്കറ്റ്, കാളത്തോട്, ചെമ്പുക്കാവ്, പറവട്ടാനി, പാട്ടുരായ്ക്കൽ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.
മാർക്കറ്റിൽ നിന്നും ലഭിക്കുന്ന മത്സ്യം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് സംയുക്ത പരിശോധനയ്ക്ക് സ്‌ക്വാഡ് ഇറങ്ങിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി വിവിധ സ്ഥലങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും കാക്കനാട് റീജ്യണൽ അനലറ്റിക്കൽ ലാബ്, ഭക്ഷ്യസുരക്ഷാ മൊബൈൽ ലാബ് എന്നിവിടങ്ങളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.

ലാബിൽ നിന്നുള്ള പരിശോധനാഫലം ലഭിക്കുന്നതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. കെമിക്കൽ സ്ട്രിപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അമോണിയ, ഫോർമാലിൻ എന്നീ രാസപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. നിലവിൽ കണ്ടെടുത്ത പഴകിയ മത്സ്യം ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടുകൂടി നശിപ്പിച്ചു കളഞ്ഞു.

ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ രേഖ,രേഷ്മ,അസിസ്റ്റന്റ് ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ ലീന തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ നിസാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധനകൾ കൂടുതൽ കർശനമായും ജില്ലയുടെ എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ്, ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉദയശങ്കർ എന്നിവർ അറിയിച്ചു.

Advertisement
Advertisement