ലൈബ്രേറിയന്മാരുടെ യോഗം ചേർന്നു

Friday 22 April 2022 1:12 AM IST

ആലപ്പുഴ: വിജ്ഞാന നഗരം വായനശാല വാതിൽപ്പടിയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയിലെ വിവിധ ഗ്രന്ഥശാലകളുടെ ഭാരവാഹികളുടെ യോഗം നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജിന്റെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ നടന്നു. ടെക്‌ജെൻഷ്യ മേധാവിയും പദ്ധതിയുടെ അംബാസിഡറുമായ ജോയ് സെബാസ്റ്റ്യൻ പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധ ഗ്രന്ഥശാലകളെ പ്രതിനിധീകരിച്ച് അജയസുധീന്ദ്രൻ, എസ്.വാഹിദ്, നരേന്ദ്രൻ നായർ, കെ.ജെ.ജോബി എന്നിവർ സംസാരിച്ചു. സാംസ്‌കാരിക രംഗത്ത് നഗരസഭയുടെ സുപ്രധാന ചുവടു വെയ്പാണ് ഈ പദ്ധതിയെന്ന് യോഗം വിലയിരുത്തി. തുടക്കത്തിൽ മുനിസിപ്പൽ ഗ്രന്ഥശാലയിൽ ആരംഭിക്കുന്ന പദ്ധതി എല്ലാ ഗ്രന്ഥശാലകളെയും ഉൾക്കൊള്ളും വിധം ഭാവിയിൽ ഗ്രന്ഥശാല സംഘത്തിന്റെ സഹായത്തോടെ വിപുലീകരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.

18 ഗ്രന്ഥശാലകളുടെ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത സ്വാഗതവും സ്ഥിരം സമിതിയംഗം ബി.നസീർ കൃതജ്ഞതയും രേഖപ്പെടുത്തി. സ്ഥിരം സമിതിയംഗങ്ങളായ കൊച്ചുത്രേസ്യാമ്മ, സുമം സ്‌കന്ദൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement