വികസനപദ്ധതികളുടെ വെർച്വൽ കാഴ്ചയുമായി കിഫ്ബി

Friday 22 April 2022 12:56 AM IST
കിഫ്‌ബിയുടെ മൊബൈല്‍ ക്വാളിറ്റി മാനേജ്മെന്റ് യൂണിറ്റ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ

തൃശൂർ: വികസന നിർമിതികളുടെ വെർച്വൽ റിയാലിറ്റി അനുഭവമൊരുക്കി എന്റെ കേരളം പ്രദർശനമേളയിൽ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ബോർഡ്)ക്ക് സന്ദർശകരേറെ. ഐ.എം. വിജയൻ ഇൻഡോർ സ്റ്റേഡിയം, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ, അളഗപ്പനഗർ തിയറ്റർ കോംപ്ലക്‌സ് തുടങ്ങി നിർമിതികളുടെ വെർച്വൽ റിയാലിറ്റി ആണ് പ്രദർശന മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്.

സ്റ്റാളിലെ ത്രീഡി സംവിധാനത്തിലൂടെ പദ്ധതികളുടെ പൂർണരൂപം ആസ്വദിക്കാനാകുമെന്നതാണ് കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്നത്. കിഫ്ബി പിന്തുണയോടെ ജില്ലയിൽ ഒരുങ്ങുന്ന പദ്ധതികളുടെ ഫിസിക്കൽ മോഡലുകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ കിഫ്ബി സഹായത്താൽ വരാനിരിക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ അറിയാനായി തയ്യാറാക്കിയ 'ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം' പ്രദർശനത്തിനുണ്ട്.

ജൂൺ ആദ്യവാരം മുതൽ പൊതുജനങ്ങൾക്കും ഈ സേവനം ലഭ്യമാകും. ഭൂമിയുടെ ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നത്. പുരോഗമിക്കുന്ന കിഫ്ബി പദ്ധതികളുടെ പരിശോധനയ്ക്കായുള്ള അത്യാധുനിക സജ്ജീകരണങ്ങളുള്ള രണ്ട് വാഹനങ്ങൾ മേളയുടെ ഭാഗമായി പ്രദർശനത്തിനുണ്ട്. നിർമ്മാണ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടാൻ വിദ്യാർത്ഥികളുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ഒഴുക്കാണ് കിഫ്ബി സ്റ്റാളിലേക്ക്. ആഴത്തിൽ അറിയാനെത്തുന്ന എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വിവരങ്ങൾ കാണിച്ചും പറഞ്ഞും വിശദമാക്കാൻ പരിശീലനം നേടിയ ഉദ്യോഗസ്ഥരും സ്റ്റാളിലുണ്ട്.

  • ലാബുകളും കാണാം

കിഫ്ബിയുടെ മൊബൈൽ ക്വാളിറ്റി മാനേജ്‌മെന്റ് യൂണിറ്റ് സംവിധാനത്തെയും മേള പരിചയപ്പെടുത്തുന്നുണ്ട്. സാധാരണ ലാബിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാണാനോ മനസിലാക്കനോ ഉള്ള സൗകര്യമില്ല. എന്നാൽ മേളയിൽ ലാബ് കാണാനുള്ള അവസരം ലഭിക്കും. കിഫ്ബി ഫണ്ട് ചെയ്യുന്ന പ്രൊജക്ടുകളുടെ നിലവാരം പരിശോധിക്കുന്നതിന് വേണ്ടിയുള്ള മൊബൈൽ ലാബ് ആണിത്. കേരളത്തിൽ ഇങ്ങനെ ഒരു മൊബൈൽ യൂണിറ്റ് വേറെ ഇല്ല. ആധുനികമായ എൻ.ഡി.ടി (നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് ) എക്യുപ്‌മെന്റുകളാണ് ലാബിൽ ഉപയോഗിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് എവിടെ ഇരുന്നും പദ്ധതിയുടെ പരോഗതി വിലയിരുത്താൻ കാമറകൾ, നിർമ്മാണ സാമഗ്രികളുടെയും മറ്റും നിലവാരം പരിശോധിക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയവ ലാബിലുണ്ട്. ഉദ്യോഗസ്ഥർക്ക് തത്സമയം വീക്ഷിക്കുന്നതിനായി കിഫ്ബി ഹെഡ് ക്വാർട്ടേഴ്‌സിൽ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്. അതിലൂടെ പ്രോജക്ട് സൈറ്റിൽ നിന്ന് ഒട്ടോലാബ് വഴി പ്രവർത്തനങ്ങൾ തത്സമയം ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റുഡിയോയിലൂടെ വിലയിരുത്താം.

ഉപകരണങ്ങൾ:

  • ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ,
  • നോൺ ന്യൂക്ലിയർ ഡെൻസിറ്റി ഗേജ്,
  • റീബൗണ്ട് ഹാമ്മർ,
  • അൾട്രാ സോണിക് പൾസ് വെലോസിറ്റി ടെസ്റ്റർ,
  • റീബാർ ലൊക്കേറ്റർ,
  • വാട്ടർ ക്വാളിറ്റി അനലൈസർ,
  • ഫാളിംഗ് വെയ്റ്റ് ഡിഫ്‌ളക്ട്‌ടോമീറ്റർ,
  • ഓട്ടോമാറ്റിക് ട്രാഫിക് കൗണ്ടർ,
  • റഫ്‌നസ് ഇൻഡിക്കേറ്റർ.
Advertisement
Advertisement